ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ ഒഴിവാക്കി
വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരേയാണ് ആതേമഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
കൊച്ചി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കുറ്റപത്രം. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരേ തെളിവില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയും രണ്ടുപേര്‍ക്കെതിരേ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരേയാണ് ആതേമഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. നേരത്തേ ലോക്കല്‍ പോലിസ് കൃഷ്ണദാസിനെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു.
എന്നാല്‍, സിബിഐയ്‌ക്കെതിരേ ജിഷ്ണുവിന്റെ മാതാവ് മഹിജ രംഗത്തെത്തി. കൃഷ്ണദാസ് അറിയാതെ കോളജില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പോലിസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവ് മഹിജ സുപ്രിംകോടതിയെ സമീപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അതിനു സന്നദ്ധമാണെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ആദ്യം കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചെങ്കിലും പിന്നീടാണ് തയ്യാറായത്.
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ജിഷ്ണുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാരുടെ പരാതി.