ശാഹീ ജാമിഅ് മസ്ജിദ് കേസ്: സര്‍വെയ്‌ക്കെതിരായ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും വരെ തല്‍സ്ഥിതി തുടരണം
അതുവരെ പ്രദേശത്ത് ശാന്തിയും സൗഹാര്‍ദ്ദവും ഉണ്ടാവണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരി ആറിലേക്ക് മാറ്റി. സര്‍വെയ്ക്ക് അനുമതി നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി നല്‍കുന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും വരെ തല്‍സ്ഥിതി തുടരണമെന്ന് വിചാരണക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അതുവരെ പ്രദേശത്ത് ശാന്തിയും സൗഹാര്‍ദ്ദവും ഉണ്ടാവണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
മസിജിദില്‍ സര്‍വെ നടത്തിയ അഡ്വക്കറ്റ് കമ്മീഷണര്‍ കീഴ്‌ക്കോടതിയില്‍ നല്‍കുന്ന റിപോര്‍ട്ട് തുറക്കരുതെന്നും സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കണമെന്നും വിചാരണക്കോടതിയോടും സുപ്രിംകോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനായ ഹുസെഫ അഹ്മദിയാണ് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായത്. രാജ്യത്തെ പത്ത് പള്ളികള്‍ക്കെതിരേ ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹരജിക്കാരുടെ ഉദ്ദേശം സര്‍വേ ദിനങ്ങളില്‍ തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ ജനുവരി എട്ടുവരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കീഴ്‌ക്കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രദേശത്ത് ശാന്തിയും സൗഹാര്‍ദ്ദവും പുലരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കേസില്‍ ഞങ്ങള്‍ പൂര്‍ണമായും നിഷ്പക്ഷരാണെന്നും ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് പറഞ്ഞു.
അതേസമയം, സുപ്രിംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ സര്‍വേ റിപോര്‍ട്ട് നല്‍കുന്നത് പത്ത് ദിവസത്തേക്ക് നീട്ടിയെന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ സംഭലിലെ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.