ശുദ്ധികലശവുമായി ആലോക് വര്‍മ; അസ്താനയ്‌ക്കെതിരായ അന്വേഷണം പുതിയ ഉദ്യേഗസ്ഥര്‍ക്ക്

Update: 2019-01-10 12:47 GMT

ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും അഴിച്ചുപണിയുമായി ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ ആലോക് വര്‍മ. താല്‍ക്കാലിക സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പിന്നാലെയാണ് അഞ്ച് ഉദ്യോഗസ്ഥരെ ആലോക് വര്‍മ സ്ഥലംമാറ്റിയത്. ഡയറക്ടറായി വീണ്ടും ചുമതലയേറ്റശേഷം തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം റദ്ദാക്കാന്‍ തീരുമാനിച്ചത്. ആലോക് വര്‍മയ്‌ക്കെതിരായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കവെയാണ് വര്‍മ നിര്‍ണായക ഉത്തരവ് പുറത്തിറക്കുന്നത്. ഉപഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണം ഇനി പുതിയ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് ആലോക് വര്‍മയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍മയെ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനെതിരേ ഹരജിയുമായി ആലോക് വര്‍മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഒന്നരമാസത്തോളം വാദംകേട്ടശേഷം ആലോക് വര്‍മയെ മാറ്റിനിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. എന്നാല്‍, നയപരമായ തീരുമാനങ്ങളെടുക്കരുതെന്നും അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വിധിച്ചിരുന്നു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി. നേരത്തേ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറിയിരുന്നു. വര്‍മയ്‌ക്കെതിരായ കേസില്‍ വിധി പറഞ്ഞത് താനടക്കമുള്ള ബെഞ്ചാണെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു യോഗം ചേരുന്നത്. ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെയാണ് അവസാനിച്ചത്.

Tags:    

Similar News