ഛത്തീസ്ഗഡില്‍ നിബിഢവനം മോദി വിട്ടുനല്‍കിയതാര്‍ക്ക് ?

മണ്ണും വൃക്ഷലതാദികളും ഖനനപ്രദേശത്ത് നിന്നും നീക്കം ചെയ്തു നടത്തുന്ന ഓപ്പണ്‍ കാസ്റ്റിങ് മൈനിങ്ങ് ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ അഭിപ്രായപ്പെടുന്നത്.

Update: 2019-03-22 14:57 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ നിബിഢവനമേഖലയായ ഹസ്ദിയോ അരാന്തിലെ 1,70,000 ഹെക്ടര്‍ ഭൂമി കല്‍ക്കരി ഖനനത്തിനായി അദാനിക്ക് വിട്ടുകൊടുത്ത് മോദി സര്‍ക്കാര്‍. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ ജൈവസമ്പത്തുള്ള വനമേഖലയാണ് പാര്‍സ. ഇവിടെയാണ് അദാനി കമ്പനിക്കുവേണ്ടി ഓപ്പണ്‍ കാസ്റ്റിങ് മൈനിങ്ങിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്.

മണ്ണും വൃക്ഷലതാദികളും ഖനനപ്രദേശത്ത് നിന്നും നീക്കം ചെയ്തു നടത്തുന്ന ഓപ്പണ്‍ കാസ്റ്റിങ് മൈനിങ്ങ് ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ അഭിപ്രായപ്പെടുന്നത്. ഹസ്ദിയോ അരാന്തില്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉല്‍പ്പാദന്‍ നിഗം ലിമിറ്റഡിന്റെ (ആര്‍വിയുഎന്‍എല്‍) ഉടമസ്ഥതയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പര്‍സ. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴിലുള്ള രാജസ്ഥാന്‍ കോള്ളീറീസാണ് പര്‍സയില്‍ ഖനനം നടത്തുക. സ്‌റ്റേജ് ഒന്ന് അനുമതിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം നല്‍കിയത്. ഖനനത്തിന് നല്‍കുന്ന പ്രദേശത്ത് 841 ഹെക്ടര്‍ കൊടുംവനമാണെന്ന് വിദഗ്ധസമിതിയുടെ മിനുട്‌സില്‍ ഉണ്ടായിരുന്നത്. വിദഗ്ധസമിതി മൂന്നുതവണ പരിഗണിച്ച ശേഷമാണ് 2019 ഫെബ്രുവരി 21ന് പരിസ്ഥിതി മന്ത്രാലയം പര്‍സയില്‍ ഖനന അനുമതി നല്‍കിയത്.

2018 ഫെബ്രുവരി 15ന് ചേര്‍ന്ന യോഗത്തില്‍ വിദഗ്ധസമിതി ഛത്തീസ്ഗഡ് ആദിവാസി ക്ഷേമ വകുപ്പിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഖനനത്തിന് ഗ്രാമസഭയുടെ അനുമതിയുണ്ടോ, ഖനനം ആദിവാസി വിഭാഗങ്ങളിലുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ എന്നിവയേക്കുറിച്ചാണ് സമിതി ആരാഞ്ഞത്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പ്രദേശമായതിനാല്‍ സംസ്ഥാന വന്യജീവി വകുപ്പിന്റെ അഭിപ്രായവും ചോദിച്ചു. 2018 ജൂലൈ 24ന് സമിതി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. 2018 സപ്തംബറില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയെന്നാണ് ആര്‍വിയുഎന്‍എല്ലിന്റെ മിനിട്‌സ് രേഖയിലുള്ളത്. എന്നാല്‍ ഗ്രാമസഭാ അനുമതി ലഭിച്ചോ എന്നതിനേക്കുറിച്ച് യാതൊരു വിവരവും രേഖയില്‍ ഇല്ല.

2009ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹസ്ദിയോ അരാന്ദ് വനമേഖലയിലെ ജൈവ സമ്പത്ത് ചൂണ്ടിക്കാട്ടി പ്രദേശത്തെ 'പ്രവേശിക്കാന്‍ പാടില്ലാത്ത' ഇടമായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, വടക്കന്‍ ഛത്തീസ്ഗഡ് സുര്‍ഗുജ ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ ഖനനത്തെ തങ്ങള്‍ അനുകൂലിച്ചെന്നാരോപിക്കുന്ന ഗ്രാമസഭാ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കിഴക്കന്‍ പര്‍സയിലും കേടെ ബസാവോയിലും ഖനനത്തിന് അനുമതി നല്‍കിയത് ഹസ്ദിയോ അരാന്ത് മേഖലയുടെ ഉള്‍ഭാഗം തുറന്നുകൊടുക്കില്ലെന്ന ഉറപ്പിന്‍മേല്‍ ആയിരുന്നെന്നും പരിസ്ഥിതി പ്രവര്‍കര്‍ പറയുന്നു. ഇപ്പോള്‍ ഖനനത്തിനായുള്ള പാരിസ്ഥിതിക അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ഹാസ്ദിയോ അരാന്ദിന്റെ ഹൃദയമേഖലയിലാണ്.

Tags:    

Similar News