ആദിവാസികളുടെ പ്രക്ഷോഭത്തെ തുടർന്ന് അദാനിക്ക് സ്റ്റോപ്പ് മെമ്മോ

ആദിവാസികളുടെ അനിശ്ചിതകാല പോരാട്ടത്തിന് മുന്നിൽ കോൺഗ്രസ് സർക്കാർ അദാനിയുടെ ഖനന പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഒഡീഷയിലെ നിയാംഗിരിയിൽ ഇതേ രീതിയിലുള്ള പ്രക്ഷോഭത്തിലൂടെ വേദാന്തയുടെ ബോക്സൈറ്റ് ഖനനം ആദിവാസികൾ അവസാനിപ്പിച്ചിരുന്നു.

Update: 2019-06-12 10:02 GMT

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്കെതിരെ ആദിവാസികള്‍ നടത്തിവന്ന പ്രക്ഷോഭങ്ങൾ വിജയത്തിലേക്ക്. ആദിവാസികളുടെ അനിശ്ചിതകാല പോരാട്ടത്തിന് മുന്നിൽ കോൺഗ്രസ് സർക്കാർ അദാനിയുടെ ഖനന പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഒഡീഷയിലെ നിയാംഗിരിയിൽ ഇതേ രീതിയിലുള്ള പ്രക്ഷോഭത്തിലൂടെ വേദാന്തയുടെ ബോക്സൈറ്റ് ഖനനം ആദിവാസികൾ അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പതിനായിരത്തോളം ആദിവാസികള്‍ കിരന്ദുല്‍- ബയ് ലാഡിയില്‍ എത്തി അനിശ്ചിതകാല ധര്‍ണ തുടങ്ങിയത്. സന്‍യുക്ത് പഞ്ചായത്ത് സമിതിയുടെ ബാനറിലായിരുന്നു പ്രക്ഷോഭം. ഖനനം പാടില്ല എന്ന ഒറ്റ ആവശ്യം മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ. ദന്തെവാഡ, സുക്മ, ബീജാപൂര്‍ ജില്ലകലിലെ 200ലേറെ ആദിവാസി ഗ്രാമങ്ങളില്‍നിന്നുള്ളവരും പ്രക്ഷോഭത്തിന്റെ ഭാഗമായി. മാവോവാദികളുടെ സ്വാധീന മേഖല കൂടിയാണ് നിർദിഷ്ട ഖനന പ്രദേശം.

ഖനനത്തിന് മുന്നോടിയായി 25,000 മരങ്ങള്‍ മുറിച്ചുമാറ്റാനാണ് തീരുമാനമെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. ഇത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭം കനത്ത സാഹചര്യത്തിലാണ് തല്‍ക്കാലം പദ്ധതി നിര്‍ത്തിവെക്കാന്‍ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഖനന പ്രദേശത്ത് നിലവില്‍ തങ്ങളുടെ സാന്നിധ്യമല്ലെന്നാണ് അദാനിയുടെ വാദം. ഖനനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരാണെന്നും തടസങ്ങള്‍ എല്ലാം നീങ്ങിയാലേ ഖനന നടപടികളിലേക്ക് കടക്കൂവെന്നും അദാനി എന്റര്‍പ്രൈസസ് വ്യക്തമാക്കുന്നു.

2008 ല്‍ ഛത്തീസ്ഗഡ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (സിഎംഡിസി) നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സംയുക്ത സംരംഭമായി എന്‍സിഎല്‍ രൂപീകരിച്ചു. 2015 ലാണ് ഈ സ്ഥാപനത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നത്. 413.74 ഹെക്ടര്‍ ഭൂമിയില്‍ നിന്നായി 10 ദശലക്ഷം ടണ്‍ ഇരുമ്പയിര് ഖനനം ചെയ്യാനായിരുന്നു അനുമതി. എന്നാല്‍ ഖനനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍.സി.എല്‍ അദാനി എന്റർപ്രൈസസ് ആഗോള ടെണ്ടര്‍ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിന് ഖനനത്തിനുള്ള കരാര്‍ നല്‍കിയത് 2018 ലായിരുന്നു. 

Tags:    

Similar News