മാവോവാദികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം; സോണി സോറിക്കും ബേല ഭാട്ടിയക്കുമെതിരേ കേസ്
മാണ്ഡവിയും പോഡിയയും നിരപരാധികളായ ഗ്രാമവാസികളാണെന്നും നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളല്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു.
ദന്തേവാഡ: മാവോവാദികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിന് സോണി സോറിക്കും ബേല ഭാട്ടിയക്കുമെതിരേ കേസ്. സെപ്തംബർ 13ന് നടന്ന ഏറ്റുമുട്ടൽ കൊലയല്ലെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും ആരോപിച്ചാണ് ആം ആദ്മി പാർട്ടി നേതാവ് സോണി സോറിക്കും മനുഷ്യാവകാശ പ്രവർത്തക ബേല ഭാട്ടിയക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്. ദന്തേവാഡ മേഖലയിലെ വ്യാജ ഏറ്റുമുട്ടലിനെതിരേ സെപ്റ്റംബർ 16ന് നടന്ന പ്രതിഷേധത്തിനിടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പോലിസ് പറയുന്നത്. സെപ്റ്റംബർ 23 ന് ദന്തേവാഡ നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് കാരണം 144 പ്രഖ്യാപിച്ചിട്ടും പ്രതിഷേധം സംഘടിപ്പിച്ചു എന്നാണ് പോലിസ് ഭാഷ്യം. നൂറിലധികം ആദിവാസികളാണ് പ്രതിഷേധത്തിന് അണിനിരന്നത്.
സെപ്റ്റംബർ 13, 14 തീയതികളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികളായ ലച്ചു മാണ്ഡവി, പോഡിയ സോറി എന്നിവർ കൊല്ലപ്പെട്ടിരുന്നു എന്ന് പോലിസ് പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മലങ്കിർ ഏരിയാ കമ്മിറ്റി കമാൻഡർമാരായിരുന്നു ഇവരെന്നുമാണ് പോലിസ് വാദം. എന്നാൽ മാണ്ഡവിയും പോഡിയയും നിരപരാധികളായ ഗ്രാമവാസികളാണെന്നും നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളല്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. സെപ്റ്റംബർ 13ന് ഇവിടെ നിന്നും അറസ്റ്റിലായ അജയ് തെലം എന്ന ഗ്രാമീണനെ വിട്ടയക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലുകളിൽ പ്രതിഷേധിക്കാനും അജയ് തെലാമിനെ അനധികൃത പോലിസ് കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാനുമായി കിരണ്ടുൽ പോലിസ് സ്റ്റേഷൻ ആദിവാസികൾ ഘരാവോ ചെയ്തു. എതിരഭിപ്രായം പറയുന്നവരെ വ്യാജ ഏറ്റുമുട്ടലെന്ന കുറുക്കുവഴിയിലൂടെ കൊന്നൊടുക്കുന്നത് വിയോജിപ്പുകൾ വർധിക്കാൻ മാത്രമേ കാരണമാകൂ എന്ന് സർക്കാർ ഓർക്കണമെന്ന് ബേല ഭാട്ടിയ പറഞ്ഞു.