റിസോർട്ട് ആക്രമിച്ചത് പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്ന വിശദീകരണവുമായി മാവോവാദികൾ
സംഭവത്തിൽ നിർവ്യാജ ഖേദം രേഖപ്പെടുത്തിയ മാവോവാദികൾ റിസോർട്ട് ഉടമക്കുണ്ടായ നാശനഷ്ടത്തിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
കൽപറ്റ: മേപ്പാടി അട്ടമലക്കടുത്ത് എറാട്ടകുണ്ട് ലെഗസി ഹോം റിസോർട്ട് ആക്രമിച്ചത് പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്ന വിശദീകരണവുമായി സിപിഐ (മാവോവാദി) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി. ജനുവരി 14ന് രാത്രിയാണ് റിസോർട്ടിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വയനാട് പ്രസ് ക്ലബിൽ തപാലിൽ ലഭിച്ച മാവോവാദി വക്താവ് ജോഗിയുടെ പേരിലുള്ള പത്രക്കുറിപ്പിലാണ് മാവോവാദികൾ ആക്രമണത്തെ തള്ളിപ്പറയുന്നത്.
സംഭവത്തിൽ നിർവ്യാജ ഖേദം രേഖപ്പെടുത്തിയ മാവോവാദികൾ റിസോർട്ട് ഉടമക്കുണ്ടായ നാശനഷ്ടത്തിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകൾക്കെതിരായ ചൂഷണത്തിനുള്ള മറുപടിയായാണ് റിസോർട്ട് ആക്രമിച്ചതെന്ന് നാടുകാണി ദളത്തിന്റെ പേരിൽ നേരത്തെ പത്രക്കുറിപ്പ് ലഭിച്ചിരുന്നു. ഇതിൽ പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയുന്നതാണ് പുതിയ പ്രസ്താവന.
പണിയ കോളനിയിലെ അമ്മയെയും മകളെയും ബന്ധുവായ സ്ത്രീയെയും ടൂറിസ്റ്റുകൾ വഴിയിൽ തടഞ്ഞ് റിസോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതായും അതിന് റിസോർട്ട് നടത്തിപ്പുകാർ ഒത്താശ ചെയ്തതായും നാടുകാണി ഏരിയ സമിതിയിലെ സഖാവാണ് ഏരിയ കമ്മിറ്റിയിൽ റിപോർട്ട് ചെയ്തത്. തുടർന്ന് പാർട്ടി അനുവാദത്തോടെയാണ് ആക്രമണം നടത്തിയത്. എന്നാൽ കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ പാർട്ടി സഖാവിന് പിഴവ് സംഭവിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതിന് സഖാവിനെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
തോട്ടം മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക, പ്രളയബാധിതരെ പുനരധിവസിപ്പിക്കുക, പൗരത്വ ഭേദഗതി നിയമത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പത്രക്കുറിപ്പിലുണ്ട്. തോട്ടം തൊഴിലാളികൾക്ക് മിനിമം വേതനം 800 രൂപയായി ഉയർത്താൻ സർക്കാർ തയാറാവണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.