ആദിവാസി സ്ത്രീകൾ കാഴ്ചവസ്തുവല്ല', മേപ്പാടിയിലെ റിസോർട്ടിൽ മാവോവാദി ആക്രമണം
അട്ടമലയിലെ റിസോര്‍ട്ട് ആക്രമണം എന്തിനെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്ററില്‍ റിസോര്‍ട്ടുകള്‍ക്കെതിരേ ഗുരുതര ആരോപണമാണ് മാവോവാദികള്‍ ഉന്നയിച്ചിരിക്കുന്നത്.
കല്പറ്റ: വയനാട് മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന് നേരേ മാവോവാദി ആക്രമണം. റിസോര്‍ട്ട് കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലുകളും കല്ലെറിഞ്ഞ് തകര്‍ത്തു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് വ്യക്തമാക്കി പോസ്റ്ററും പതിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് മാവോവാദി നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരില്‍ സമീപത്ത് പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളെ അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനെതിരെയാണ് ആക്രമണമെന്ന് പോസ്റ്ററില്‍ പറയുന്നു. മേപ്പാടി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കസേരകളില്‍ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലുമാണ്. റിസോര്‍ട്ട് നില്‍ക്കുന്നയിടത്തിന് പുറത്തുള്ള ഒരു പോസ്റ്റില്‍ എന്താണ് ആക്രമണത്തിന് കാരണമെന്ന് വിശദീകരിച്ചുള്ള പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
അട്ടമലയിലെ റിസോര്‍ട്ട് ആക്രമണം എന്തിനെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്ററില്‍ റിസോര്‍ട്ടുകള്‍ക്കെതിരേ ഗുരുതര ആരോപണമാണ് മാവോവാദികള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയില്‍ തടഞ്ഞ് അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമം നടന്നിരുന്നതായാണ് ആരോപണം.
ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക തുടങ്ങിയ ആഹ്വാനങ്ങളും സിപിഐ മാവോവാദി നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള പോസ്റ്ററിലുണ്ട്.