നൊമ്പരമായി ചാന്ദ്‌നി കുമാരി; കൊലപ്പെടുത്തിയത് അസം സ്വദേശി തന്നെയെന്ന് പോലിസ്

Update: 2023-07-29 10:53 GMT

ആലുവ: പ്രാര്‍ഥനകളും അന്വേഷണങ്ങളും വിഫലമാക്കി ആലുവയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം നാടിന്റെ നൊമ്പരമായി മാറി. കൊടുംക്രൂരതയ്ക്കിരയായാണ് ബിഹാരി ദമ്പതികളുടെ മകള്‍ ചാന്ദ്‌നി കുമാരി കൊല്ലപ്പെട്ടതെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് ഏവരും. ഇന്നലെ വൈകീട്ട് കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകണമേയെന്ന പ്രാര്‍ഥനയായിരുന്നു എങ്ങും. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്. മറ്റൊരാള്‍ക്ക് കൈമാറിയെന്ന മൊഴിയെല്ലാം കള്ളമാണെന്നാണ് നിഗമനം. തായിക്കാട്ടുകര ഗാരേജ് റെയില്‍വേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിലായിരുന്നു ചാന്ദ്‌നി കുനാരിയുടെ പിതാവ് ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരി കുടുംബത്തോടൊപ്പം മൂന്ന് വര്‍ഷമായി വാടകയ്ക്കു താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തില്‍ രണ്ടുദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശി അസ്ഫാക് ആലമാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പോലിസ് പറയുന്നത്. രക്ഷിതാക്കള്‍ ജോലിക്ക് പോയ ശേഷം വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെയും കൂട്ടി ഒരാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലെത്തിയത്.

    സമീപത്തെ കടക്കാരനും ഇക്കാര്യം അറിയിച്ചിരുന്നു. കുട്ടിക്ക് നല്‍കാന്‍ ജ്യൂസ് വാങ്ങിയാണ് ഇയാള്‍ പോയത്. പിന്നാലെ കുട്ടിയെയും കൂട്ടി റോഡ് മുറിച്ചുകടന്നുപോകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അസം സ്വദേശിയായ അസഫാക് ആലത്തെ ആലുവ തോട്ടക്കാട്ടുകര ഭാഗത്തുനിന്ന് രാത്രി കസ്റ്റഡിയിലെടുത്തത്. ആദ്യമെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കിയിരുന്നത്. മദ്യലഹരിയിലായിരുന്നതിനാല്‍ വിശദമായി ചോദ്യം ചെയ്തിട്ടും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയെന്നും സക്കീര്‍ ഹുസയ്ന്‍ എന്നയാള്‍ക്ക് കൈമാറി പണംവാങ്ങിയെന്നും വെളിപ്പെടുത്തിയത്. പോലിസാവട്ടെ നോട്ടീസ് ഇറക്കി സംസ്ഥാനവ്യാപകമായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയും ചെയ്തു. ഒരു രാത്രി കഴിഞ്ഞിട്ടും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്ന് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News