തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ്; ഒതുക്കിത്തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തകൃതി
10 വര്‍ഷം മുമ്പുള്ള ചെക്കിന്റെ പേരിലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും മോഷ്ടിക്കുകയോ മറ്റോ ചെയ്ത ചെക്കാവാമിതെന്നും പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളി, കുരുക്ക് മുറുകുമെന്നായതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണു സൂചന.
ദുബയ്: എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ പ്രവാസി മലയാളി നല്‍കിയ ചെക്കുകേസ് ഒതുക്കിത്തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തകൃതി. കേസിലെ പരാതിക്കാരനായ തൃശൂര്‍ സ്വദേശി നാസില്‍ അബ്്ദുല്ലയുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം അജ്മാനില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തതോടെ ഉന്നതര്‍ ഇടപെട്ട് ജാമ്യത്തുക കെട്ടിവയ്ക്കുകയും പുറത്തിറക്കുകയും ചെയ്തിരുന്നു. 10 വര്‍ഷം മുമ്പുള്ള ചെക്കിന്റെ പേരിലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും മോഷ്ടിക്കുകയോ മറ്റോ ചെയ്ത ചെക്കാവാമിതെന്നും പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളി, കുരുക്ക് മുറുകുമെന്നായതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണു സൂചന. തുഷാറിന്റെ മോചനത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തെഴുതിയത് വന്‍ രാഷ്ട്രീയവിവാദമാവുകയും ചെയ്തിരുന്നു. ഇതിനിടെ, തുഷാറിന്റെ ആരോപണങ്ങള്‍ തള്ളുകയും കൂടുതല്‍ല പേര്‍ക്ക് പണം കൊടുക്കാനുണ്ടെങ്കില്‍ ഭയം കാരണമാണ് അവരൊന്നും പരാതി കൊടുക്കാത്തതെന്നും പ്രവാസി യുവാവ് നാസില്‍ അബ്്ദുല്ല മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതോടെ കൂടുതല്‍ പ്രതിരോധത്തിലായി.
പലര്‍ക്കും പണം കൊടുക്കാനുണ്ടെന്നും സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കു തയ്യാറാണെങ്കിലും മുഴുവന്‍ പണം കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്നും നാസില്‍ അബ്്ദുല്ല വ്യക്തമാക്കിയിരുന്നു. ഏകദേശം 10 കമ്പനികള്‍ക്കെങ്കിലും തുഷാര്‍ പണം കൊടുക്കാനുണ്ട്. കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് മിക്കതും. അഞ്ച് കമ്പനികളെ കുറിച്ച് നേരിട്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ വിളിച്ചപ്പോള്‍ പക്ഷേ, ഘടകകക്ഷി നേതാവായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും നാസില്‍ അബ്ദുല്ല വെളിപ്പെടുത്തിയതോടെ ബിജെപിയും വെട്ടിലായി. ഏതുവിധ അന്വേഷണത്തിനും തയ്യാറാണെന്നും മറിച്ചുള്ള ആശങ്കകളുണ്ടെങ്കില്‍ തുഷാര്‍ കോടതിയില്‍ ബോധിപ്പിക്കട്ടെ എന്നുമായിരുന്നു നാസിലിന്റെ നിലപാട്. 10 വര്‍ഷമായി എനിക്ക് തരാനുള്ള തുകയുണ്ട്. അത് കൃത്യമായ സമയത്ത് തിരികെ തരാത്തതില്‍ എനിക്കു വലിയ നഷ്ടങ്ങളുണ്ടായി. അതിന്റെ നഷ്ടപരിഹാരം കൂടി ചേര്‍ത്താണ് തുക പറഞ്ഞത്. തുഷാര്‍ തരാനുള്ള പണം കിട്ടാത്തതിന്റെ പേരില്‍ മറ്റ് പലര്‍ക്കും ഞാന്‍ കൊടുക്കാനുള്ള പണം ബൗണ്‍സായി. അവരെല്ലാവരും കൂടി കേസ് കൊടുത്തതിനാലാണ് ഞാന്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നത്. 10 വര്‍ഷമായി ഇക്കാര്യത്തില്‍ ഞാന്‍ ബന്ധപ്പെടുന്നുണ്ട്. തുഷാറിനെയും പിതാവ് വെള്ളാപ്പള്ളി നടേശനെയും വിളിച്ചിരുന്നു. കഴിയുന്ന വിധത്തില്‍ ശ്രമിച്ചു. എന്നാല്‍ അവരെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു തവണ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു. ആകെ തുകയുടെ 10 ശതമാനം തരാമെന്ന് പറഞ്ഞു. നിവൃത്തികേട് കൊണ്ട് അതിന് സമ്മതിച്ചു. അതില്‍ അഞ്ച് ശതമാനം പണവും അഞ്ച് ശതമാനം ചെക്കും തന്നു. അത് അദ്ദേഹത്തിന്റെ ചെക്കല്ല. അവര്‍ക്ക് കിട്ടാനുള്ള ചെക്കാണെന്ന് പറഞ്ഞാണ് തന്നത്. ആ ചെക്ക് ഡിസ് ഹോണറായി. ആകെ കിട്ടിയത് അഞ്ച് ശതമാനമാണ്. നിയമപരമായി മുന്നോട്ടുപോവുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നാസില്‍ അബ്്ദുല്ല പറഞ്ഞിരുന്നു.
അതിനിടെ, തുഷാര്‍ വെള്ളാപ്പള്ളി തന്റെ മകനെ വന്‍ തുകയില്‍ പറ്റിച്ചെന്ന് നാസില്‍ അബ്ദുല്ലയുടെ മാതാവ് റാബിയയും പറഞ്ഞു. പലപ്പോഴും പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. തുഷാര്‍ പറ്റിച്ചതിനെ തുടര്‍ന്നാണ് നാസില്‍ ദുബയില്‍ ജയിലിലായത്. നിവൃത്തികേടുകൊണ്ടാണ് കേസ് കൊടുത്തത്. അല്ലാതെ ല്‍ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരില്‍ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ഇപ്പോള്‍ കടം കാരണം നാസിലിന് നാട്ടില്‍ വരാനാവാത്ത അവസ്ഥയാണെന്നും മാതാവ് റാബിയ പറഞ്ഞു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്.