'ഒത്തുതീര്‍പ്പിന് ശ്രമം, അതും എന്റെയടുത്ത്'; വിവരങ്ങള്‍ ഇന്ന് വൈകീട്ട് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ചിലര്‍ തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് സ്വപ്‌ന അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെയടുത്ത് എന്നാണ് സ്വപ്‌നയുടെ പോസ്റ്റ്.
അതിനിടെ, ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. രണ്ടുതവണ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. യുഎഇയിലെ റെഡ് ക്രസന്റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായ സി എം രവീന്ദ്രനിലേക്കുകൂടി അന്വേഷണം നീണ്ട സാഹചര്യത്തിലാണ് സ്വപ്‌നയുമായി ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്.