ജാര്‍ഖണ്ഡില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍; 'ഓപറേഷന്‍ താമര' ഭീതി, എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു
റാഞ്ചി: ഖനി ലൈസന്‍സ് കേസില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അയോഗ്യനാവുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. കുതിരക്കച്ചവട ഭീഷണി ഭയന്ന് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രണ്ട് ബസ്സുകളിലായി ഛത്തീസ്ഗഢിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് എംഎല്‍എമാരെ മാറ്റുന്നത്. ചില എംഎല്‍എമാര്‍ ബാഗുകളുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയെന്നാണ് റിപോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം സോറനും എംഎല്‍എമാരും ലഗേജുമായി ബസ്സുകളില്‍ കയറുന്നതും പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഖുന്തിയിലേക്ക് ഇവരെ മാറ്റുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ ബിജെപിയുടെ ഓപറേഷന്‍ താമരയെ ഭയന്നാണ് എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വിവരം.
ധാര്‍മികത മുന്‍നിര്‍ത്തി സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി. അതേസമയം, അനധികൃത ഖനനകേസില്‍ കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കണമെന്ന നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടുദിവസം മുമ്പാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ സോറന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍. മന്ത്രിസഭയും രാജിവച്ചേക്കും.
അതേസമയം, ആറുമാസത്തിനുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സോറന് മല്‍സരിക്കാനും കഴിയും. നിയമസഭാഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ജെഎംഎമ്മില്‍ ആലോചനയുണ്ട്. അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ചുവിടേണ്ടിവരും. മല്‍സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന മാര്‍ഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഗവര്‍ണര്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ യുപിഎ എംഎല്‍എമാരുടെ യോഗവും ഇന്ന് ചേരും. 81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) ഒരാളുമാണ്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്.