ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിന്‍മാറുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Update: 2022-08-04 16:09 GMT

തിരുവനന്തപുരം: യുഎപിഎ കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന തടവുകാരന്‍ ഡാനിഷിനെ വീണ്ടും കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിന്‍മാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. മുമ്പ് കുറ്റാരോപിതനായ എല്ലാ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന വേളയില്‍ ജയില്‍ മുറ്റത്തുവച്ച് 2020 ലുണ്ടായ അറസ്റ്റ് വീണ്ടും സംഭവിക്കാനിടയുള്ളതായി അറിയുന്നു. ഇത്തരത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ നിന്ന് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസും) തമിഴ്‌നാട് ക്യൂ ബ്രാഞ്ചും പിന്‍മാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

യുഎപിഎ ഉള്‍പ്പെടെയുള്ള ജനവിരുദ്ധനിയമം കുറ്റാരോപിതര്‍ക്ക് അനുവദിക്കുന്ന വിചാരണ അനുമതിയിലെ കാലതാമസമെന്ന ഏക ഇളവിനെ പോലും അട്ടിമറിക്കുന്ന നീക്കമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലും തമിഴ്‌നാടിലുമായുണ്ടായിരുന്ന 11 യുഎപിഎ കേസുകളില്‍ ജാമ്യം ലഭിച്ച് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് 2020 സപ്തംബര്‍ എട്ടിന് മോചിതനായപ്പോള്‍ തന്നെ ഡാനിഷിനെ കേരള എടിഎസ് ജയില്‍ മുറ്റത്തുനിന്ന് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. 2018 ല്‍ കോഴിക്കോടുള്ള രണ്ട് വീടുകളില്‍ നിന്ന് ഡാനിഷ് ആഹാരം വാങ്ങിയെന്നതായിരുന്നു കേസ്. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പരാതിക്കാര്‍ പോലുമില്ലാതെയാണ് 2020 ആഗസ്ത് 29 ന് യുഎപിഎ പ്രകാരം എടിഎസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ വിചാരണ അനുമതി നിഷേധിച്ചു. പ്രോസിക്യൂഷന്‍ മറച്ചുവച്ച ഈ വിവരം ഡാനിഷിന്റെ കുടുംബത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് പുറത്തുവന്നത്. തുടര്‍ന്ന് കേസില്‍ ജാമ്യം ലഭിച്ച് ഡാനിഷ് ആഗസ്ത് അഞ്ചിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനാവുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. എന്നാല്‍, തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള എടിഎസും ഡാനിഷ് മോചിതനാവുന്നതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതായാണ് അറിവ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പൊതുമനസ്സാക്ഷിയുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Tags:    

Similar News