വ്യാജ അക്കൗണ്ടുകളുടെ കണക്കുകള്‍ നല്‍കിയില്ല; ട്വിറ്റര്‍ വാങ്ങില്ലെന്ന് ഇലോണ്‍ മസ്‌ക്
സാന്‍ ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങില്ലെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയും ശതകോടീശ്വരന്‍മാരിലൊരാളുമായ ഇലോണ്‍ മസ്‌ക്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇലോണ്‍ മസ്‌ക് പിന്‍മാറിയത്. ഈ വര്‍ഷം ഏപ്രിലിലാണ് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ഥ കണക്കുകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ഇലോണ്‍ മസ്‌ക് ആരോപിച്ചു.
44 ബില്യന്‍ ഡോളറിന്റെ കരാറില്‍ നിന്നാണ് പിന്‍മാറിയത്. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാവില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ പറഞ്ഞു. വ്യാജ അക്കൗണ്ടുകളുടെ എണ്ണം കൃത്യമായി കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്ന കരാറില്‍ നിന്നും പിന്‍മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിങ്കളാഴ്ചയും ഇത് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് നല്‍കിയിരുന്നു. ട്വിറ്റര്‍ ലയന കരാര്‍ ലംഘിക്കുകയാണെന്നും ബാധ്യതകളുടെ വ്യക്തമായ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് മസ്‌ക് കത്തില്‍ പറയുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് രണ്ട് മാസമായി ആവശ്യപ്പെടുകയാണെങ്കിലും ട്വിറ്റര്‍ പലപ്പോഴും ഇതിനോട് പ്രതികരിച്ചില്ലെന്നും മറ്റ് ചിലപ്പോള്‍ അന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നുവെന്നും മൈക്ക് റിംഗ്ലര്‍ ആരോപിച്ചു.
എന്നാല്‍, കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്. താല്‍ക്കാലികമായി കരാര്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള മസ്‌കിന്റെ മുന്നറിയിപ്പിനെ ട്വിറ്റര്‍ നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്. സജീവ ഉപയോക്താക്കളില്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് 'സ്പാം ബോട്ടുകള്‍' നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.
മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കാനിരുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4,300 കോടി യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്. അതേസമയം, ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. കരാര്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ ബ്രേക്ക് അപ്പ് ഫീ ആയി 1 ബില്യന്‍ യുഎസ് ഡോളര്‍ മസ്‌ക് ട്വിറ്ററിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ.