ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയുടെ നിര്‍ദേശപ്രകാരമാണ് നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി മൊഴി നല്‍കിയിരുന്നു. ജിയ ഒളിവിലാണെന്നാണ് പോലിസിന് കിട്ടിയ വിവരം.
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയുടെ നിര്‍ദേശപ്രകാരമാണ് നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി മൊഴി നല്‍കിയിരുന്നു. ജിയ ഒളിവിലാണെന്നാണ് പോലിസിന് കിട്ടിയ വിവരം. രവി പൂജാരിയുടെ മൊഴി പൂര്‍ണമമായി വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തില്‍ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തില്‍ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂണ്‍ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലിസിന്റെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കസ്റ്റസി കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.