ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: കുറ്റം സമ്മതിച്ച് രവി പൂജാരി, ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി

അതേസമയം കൊച്ചി കടവന്ത്രയിലുളള ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ ആളെ ഏര്‍പ്പെടുത്തിയത് താനല്ലെന്നാണ് രവി പൂജാരി നല്‍കിയ മൊഴി.

Update: 2021-06-04 03:13 GMT

കൊച്ചി: വിവാദ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ച് രവി പൂജാരി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ആണ് രവി പൂജാരി കുറ്റസമ്മതിച്ചത് എന്നാണ് വിവരം. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയെന്ന് രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. ലീന മരിയ പോളിന്റെ പക്കല്‍ വന്‍ തുക ഉള്ളതായി തനിക്ക് വിവരം ലഭിച്ചിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

അതേസമയം കൊച്ചി കടവന്ത്രയിലുളള ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ ആളെ ഏര്‍പ്പെടുത്തിയത് താനല്ലെന്നാണ് രവി പൂജാരി നല്‍കിയ മൊഴി. പെരുമ്പാവൂരില്‍ നിന്നും കാസര്‍കോട് നിന്നുമുളള സംഘമാണ് വെടിവെപ്പിനുളള കൊട്ടേഷന്‍ നല്‍കിയത് എന്നും രവി പൂജാരി വെളിപ്പെടുത്തി.

ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചു. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അധോലോക കുറ്റവാളിയായ രവി പൂജാരി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ച് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതിയാണ്. ജൂണ്‍ 8 വരെയാണ് ക്രൈംബ്രാഞ്ചിന് രവി പൂജാരിയുടെ കസ്റ്റഡി കോടതി അനുവദിച്ചത്. 2018 ഡിസംബര്‍ 15നായിരുന്നു ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

Tags:    

Similar News