കൊല്ലുമെന്ന് ഭീഷണി: രവി പൂജാരിക്കൊപ്പം മലയാളിയും ഉണ്ടായിരുന്നെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം: ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിക്കൊപ്പം ഒരു മലയാളിയും ഉണ്ടായിരുന്നുവെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഫോണിലൂടെ സംസാരിക്കുമ്പോള്‍ മലയാളത്തില്‍ ഒരാള്‍ സംസാരിക്കുന്നത് കേട്ടിരുന്നതായും നിയമസഭയ്ക്ക് പുറത്തുവച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജനുവരി 11, 12 ദിവസങ്ങളിലാണ് രവി പൂജാര തനിക്ക് ഇന്റര്‍നെറ്റ് കോള്‍ ചെയ്തത്. തന്നേയും രണ്ടു മക്കളേയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലിടപെട്ട് ബിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.
എന്തിനാണ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചതെന്നാണ് രവി പൂജാരി ചോദിച്ചത്. നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറിയാണ് രവി പൂജാരി സംസാരിച്ചത്. അപ്പോഴറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവന്‍ തിരിച്ച് പറഞ്ഞു. രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോര്‍ജ് പറഞ്ഞു. കോള്‍ കിട്ടിയശേഷം പോലിസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. രണ്ട് മക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. ഐടി സെല്‍ മൊബൈല്‍ കൊണ്ടുപോയി പരിശോധിച്ചു. ലീന മരിയ പോളിന്റെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് മനസ്സിലായത്. ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് നേരിടണമെന്നും ജോര്‍ജ് പറഞ്ഞു. രവി പൂജാരി സെനഗലില്‍ നിന്നും പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി നേരത്തേ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.