ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ്;500 കോടി തട്ടിയ സംഘത്തിലെ 22 പേര്‍ അറസ്റ്റില്‍
ചൈനീസ് പൗരനമാരാണ് ആപ്പുകള്‍ക്ക് പിന്നിലെന്ന് പോലിസ് പറഞ്ഞു
ന്യൂഡല്‍ഹി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ 22 പേര്‍ അറസ്റ്റില്‍.നൂറിലധികം ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്.ചൈനീസ് പൗരനമാരാണ് ആപ്പുകള്‍ക്ക് പിന്നിലെന്ന് പോലിസ് പറഞ്ഞു.
കര്‍ണാടക,മഹാരാഷ്ട്ര,യുപി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പടിച്ചെടുത്തു.കഴിഞ്ഞ രണ്ടുമാസമായി ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് ഇവ ചൈനയിലേയും ഹോങ്കോങ്ങിലേയും സെര്‍വറിലേക്ക് അപ്ലോഡ് ചെയ്തതായും ഡല്‍ഹി പോലിസ് അറിയിച്ചു. 100ലധികം ലോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.ക്യാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, സ്മാര്‍ട്ട് വാലറ്റ് തുടങ്ങി നിരവധി പേരുകളിലാണ് ഇവര്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നിര്‍മ്മിച്ചത്.
ലക്‌നൗവിലെ കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ലോണ്‍ ആപ്പ് ഉപയോഗിച്ച് ചെറിയ വായ്പകള്‍ നല്‍കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ആപ്പ് വഴി ലോണ്‍ സ്വീകരിച്ച് കഴിഞ്ഞാല്‍, ഉപഭോക്താവിന്റെ പേഴ്‌സണല്‍ വിവരങ്ങളും തട്ടിപ്പ് റാക്കറ്റിന് ലഭിക്കും. ഇത്തരത്തില്‍ മൊബൈല്‍ ഫോണുകളിലെ സ്വകാര്യവിവരങ്ങളും സംഘങ്ങള്‍ കൈക്കലാക്കും. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൂടുതല്‍ പണം തട്ടിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി.