തൂക്കമൊപ്പിക്കാന്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തും കലാപങ്ങള്‍ സൃഷ്ടിച്ചും സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ്സിനെ ഇരകളുമായി സമീകരിക്കുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
കണ്ണൂര്‍: ആര്‍എസ്എസിനെ വിമര്‍ശിക്കുമ്പോഴുള്ള പരിമിതി മറികടക്കുന്നതിന് തൂക്കമൊപ്പിക്കാന്‍ മറ്റുള്ളവരെ ചേര്‍ത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സംസ്ഥാനത്ത് ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. തനിക്ക് ശേഷം ഫാഷിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാലും പ്രശ്‌നമില്ലെന്ന അപകടകരമായ നിലപാടാണ് മുഖ്യമന്ത്രിക്ക്. പരസ്യമായ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തും കലാപങ്ങള്‍ സൃഷ്ടിച്ചും സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ്സിനെ ഇരകളുമായി സമീകരിക്കുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
മുഖ്യമന്ത്രിയുടെ പ്രചാരണങ്ങള്‍ തൃപുരയിലേതിനു സമാനമായ സാഹചര്യം സൃഷ്ടിക്കും. ഒറ്റ രാത്രി കൊണ്ട് ഉണ്ടായ മാനസിക മാറ്റമായിരുന്നില്ല അവിടെ. മൂന്നു പതിറ്റാണ്ടിന്റെ മാര്‍ക്‌സിസ്റ്റ് ഭരണം വഴി മാറിയത് ഫാഷിസ്റ്റ് വാഴ്ചയ്ക്കായിരുന്നു എന്നത് പിണറായി വിജയന്‍ മറക്കരുത്. ഫാഷിസ്റ്റ് അനുകൂല പൊതുബോധം സൃഷ്ടിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നത്. ഫാഷിസ്റ്റ് വക്താവായ ടി പി സെന്‍കുമാറിന്റെ ഉപദേശത്തില്‍ മതിമറന്നാണ് വി എസ് അച്യുതാനന്ദന്‍ 20 വര്‍ഷം കൊണ്ട് കേരളം ഇസ്‌ലാമിക രാജ്യമാകുമെന്ന് പ്രഖ്യാപിച്ചത്.
സെന്‍കുമാറിനെ തിരിച്ചറിഞ്ഞിട്ടും പ്രസ്താവന തിരുത്താന്‍ വി എസ് തയ്യാറായിട്ടില്ല. അടിസ്ഥാന സാമൂഹിക വിഭാഗങ്ങളുടെ വിഷയത്തില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ സംസാരിച്ചു.