ഇടതു സര്‍ക്കാര്‍ മുസ് ലിം സമൂഹത്തിന് വാരിക്കോരി നല്‍കുന്നെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-06-08 10:54 GMT

തിരുവനന്തപുരം: കേരളത്തിലെ ഇടതുസര്‍ക്കാര്‍ മുസ് ലിം സമൂഹത്തിന് വാരിക്കോരി നല്‍കുന്നെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇടതു സര്‍ക്കാര്‍ മുസ് ലിം സമൂഹത്തിന്റെ ഭരണഘടനാനുസൃത ആനുകുല്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. 100 ശതമാനം മുസ് ലിം സമൂഹത്തിന് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ ഇടതുസര്‍ക്കാരിന്റെ നയവൈകല്യം കൊണ്ടാണ് അട്ടിമറിക്കപ്പെട്ടത്. മുസ് ലിം സമൂഹത്തിന് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഒരു തുണ്ടു ഭൂമി പോലും നാളിതുവരെ നല്‍കിയിട്ടില്ല. എന്നാല്‍, ഇതര സമൂഹങ്ങള്‍ക്ക് നല്‍കിയ ഭൂമിയുടെയും സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ലോഭ സഹായങ്ങളുടെയും കണക്കുകള്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ പരിശോധിക്കേണ്ടതുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും സീറ്റ് നല്‍കുന്നതിലും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതിലും ഈ വിവേചനം പ്രകടമാണ്. മുസ് ലിം സമൂഹത്തോടൊപ്പം നില്‍ക്കുന്നു എന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇടതു സര്‍ക്കാരിന്റെ പങ്ക് ചെറുതല്ല. കേവലം നൂറില്‍ താഴെ വരുന്ന വഖ്ഫ് നിയമനങ്ങള്‍ പിഎസ് സിക്കു വിടുകയും എണ്ണായിരത്തിലധികം വരുന്ന ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിടാതിരിക്കുകയും പിന്നീട് വഖ്ഫ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടത് പിന്‍വലിച്ചതായി പ്രഖ്യാപിച്ചതും സമുദായ സ്വാധീനമായി പൊതുസമൂഹം തെറ്റിദ്ധരിച്ചിട്ടുണ്ട്. സംഘപരിവാരത്തിന് രാഷ്ട്രീയമായി വളരാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നതിനോടൊപ്പം ബിഫ് ഫെസ്റ്റുകള്‍ നടത്തി മുസ് ലിം വോട്ടുകള്‍ സ്വീധീനിക്കാനുള്ള ചില പൊടിക്കൈകള്‍ സിപിഎം നടത്തിയിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും വിവേചനങ്ങളുടെയും നീതി നിഷേധത്തിന്റെയും നിരവധി കണക്കുകള്‍ നിരത്താനാകും. മുസ് ലിം സമൂഹത്തെ വോട്ട് ബാങ്കായി കാണുന്നതിനപ്പുറം അവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് നാളിതുവരെ നിയമാനുസൃത പിന്തുണ പോലും നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മലബാര്‍ മേഖലയില്‍ പ്ലസ് ടു ഉള്‍പ്പെടെയുള്ള പഠനത്തിന് ആനുപാതികമായ സൗകര്യമൊരുക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിയെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരം കാര്യങ്ങളില്‍ ആരോ സൃഷ്ടിച്ചുവിട്ട പ്രചാരണം ഏറ്റുപിടിച്ച് നിലപാട് പ്രഖ്യാപിക്കുന്നതിനു പകരം കേരളത്തിന്റെ പൊതുനന്മയ്ക്കും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നതിനുതകുന്ന തരത്തില്‍ സത്യസന്ധവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുകയാണ് വേണ്ടത്. കേരളീയ പൊതുസമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം നിലപാടുകള്‍ ദൂരീകരിക്കാനായി പൊതുചര്‍ച്ചകള്‍ സജീവമാകേണ്ടതുണ്ട്. മാറിമാറി വരുന്ന മുന്നണികളെ സ്വാധീനിച്ച് കേരളത്തിന്റെ വിഭവങ്ങളും അധികാരവും കൈയടക്കുന്നവരെക്കുറിച്ച് പഠനവും ചര്‍ച്ചയും നടന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞതിന്റെ പൊള്ളത്തരം ബോധ്യം വരുന്നതാണ്. മതനിരപേക്ഷ കേരളത്തിന്റെ നിലനില്‍പ്പിനും സൗഹൃദാന്തരീക്ഷം സംരക്ഷിക്കുന്നതിനും വിവിധ ജാതി മത പൊതുവിഭാഗങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ദൂരീകരിക്കാനും ഇത്തരം ഒരു ചര്‍ച്ച അനിവാര്യമാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

Tags:    

Similar News