'കണക്ക് പറയുമ്പോള്‍ എല്ലാം പറയണം'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ മുസ് ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ആവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി സമസ്ത യുവജനവിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. കണക്ക് പറയുമ്പോള്‍ എല്ലാം പറയണമെന്നും അനീതി മറച്ചുവച്ചുകൊണ്ടുള്ള ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണക്ക് പറയുമ്പോള്‍ എല്ലാം പറയണം
കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാര്‍ലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ് ലിംകള്‍ക്കുള്ളത്. രാജ്യത്തെ മതനിരപേക്ഷവാദികളെല്ലാം ഈ സാഹചര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്യുന്നു. ഒരു പിന്നാക്ക അധസ്ഥിത വിഭാഗമെന്ന നിലയില്‍ മുസ് ലിംകളുടെ ഈ പങ്കാളിത്ത പ്രശ്‌നം എല്ലാവരും ഉന്നയിക്കുന്നുണ്ട്. അത് വസ്തുതാപരവുമാണ്. അപ്പോഴാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരില്‍ ഒമ്പതില്‍ അഞ്ചും മുസ് ലിംകളാണെന്ന 'യുക്തി' ഉന്നയിച്ച് ചിലര്‍ രംഗത്ത് വരുന്നത്. രാജ്യസഭയിലെയും ലോക്‌സഭയിലേയും ആകെ മുസ് ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവര്‍ തയ്യാറുണ്ടോ...?. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോ...?. ഇരുപതില്‍ മൂന്ന് ആണ് ലോക്‌സഭയില്‍ പോവുന്ന മലയാളികളിലെ മുസ് ലിം പ്രാതിനിധ്യം. 27 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് പതിനഞ്ച് ശതമാനം പ്രാതിനിധ്യം. ഈ അനീതി മറച്ചുവയ്ക്കുന്നവരെ സഹായിക്കാന്‍ ഇത്തരക്കാര്‍ തുനിഞ്ഞിറങ്ങിയത് ശരിയായില്ല. ഇതില്‍ പോലും ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണ്. മുസ് ലിംകളുടെ മാത്രം പങ്കാളിത്ത പ്രശ്‌നം പരിഹരിക്കണമെന്നല്ല, ഈഴവരും പുലയരുമുള്‍പ്പടെ എല്ലാവര്‍ക്കും അര്‍ഹമായ പങ്കാളിത്തം ലഭിക്കണം. അതിന് ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്. ജാതി സെന്‍സസിനായി എല്ലാവരും നിലകൊള്ളേണ്ടതും അതുകൊണ്ടാണ്.
Full View