മന്ത്രി ജലീലിനെതിരായ സമരം: ഖുര്‍ആനെ അവഹേളിക്കാന്‍ നീക്കമെന്ന് എസ് കെഎസ്എസ് എഫ് നേതാവ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായും യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആനുമായും ബന്ധപ്പെട്ടും മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മുസ് ലിം ലീഗും ബിജെപിയും ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ എതിര്‍പ്പുമായി എസ് കെഎസ്എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. പ്രതിഷേധത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും കേരളവും യുഎഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായാണ് തന്റെ ഫേസ് ബുക്ക് പേജിലൂ സത്താര്‍ പന്തല്ലൂര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. സംഘപരിവാരത്തിന്റെ വര്‍ഗീയവല്‍ക്കരണ നീക്കത്തെ എതിര്‍ക്കുന്നതോടൊപ്പം
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരേയും പരോക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോള്‍, എങ്കില്‍ സ്വര്‍ണക്കടത്തില്‍ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നുവെന്നാണ് പരാമര്‍ശം. നേരത്തേ കാന്തപുരം ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന പി കെ ഫിറോസിനെതിരേയാണ് ഈ വിമര്‍ശനം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് നല്ലൊരു കീഴ് വഴക്കമല്ലെന്നും സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിക്കുന്നു.
ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും ആ നിലക്ക് ചര്‍ച്ച കൊണ്ടുപോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യുഎഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയില്‍ യുഎഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ മാത്രം കാണാന്‍ ഇടവരുത്തുകയും ചെയ്യും. മന്ത്രി കുറ്റക്കാരനാണെങ്കില്‍ രാജി മാത്രമല്ല, തക്ക ശിക്ഷയും വേണം. എന്നാല്‍, ഇതിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും കേരളവും യുഎഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് 'ഈത്തപ്പഴവും ഖുര്‍ആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്' എന്ന സംഘപരിവാര്‍ പ്രചാരണം. മുമ്പൊരു വിവാദത്തില്‍ മന്ത്രി ജയരാജനെ വേഗത്തില്‍ രാജിവയ്പിച്ചത് അദ്ദേഹം, ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളില്‍ വന്നിരുന്നു ഇവര്‍ പച്ചക്ക് വര്‍ഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങള്‍ ഖുര്‍ആന്‍ പ്രതീകാത്മക കാര്‍ട്ടൂണ്‍ വരച്ച് അതിലേക്ക് ചൂണ്ടി 'ഇതെല്ലാം കെട്ടുകഥയാ'ണെന്ന് ഷാര്‍ലി എബ്ദോ മോഡല്‍ സംസാരിക്കുന്നു. സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോള്‍ എങ്കില്‍ സ്വര്‍ണക്കടത്തില്‍ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. 'ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി' എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടെന്നും സത്താര്‍ പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു.
Strike against Minister Jaleel: SKSSF leader says move to desecrate Qur'an