'നിങ്ങള്‍ക്ക് സംഘപരിവാറിന് കുഴലൂത്ത് നടത്താം, അത് മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട'; രൂക്ഷവിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്

അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് മുസ്‌ലിം സമുദായത്തെ തെറിവിളിച്ചതുകൊണ്ടായില്ല; അതിന് സ്വയം പരിഹാരം കാണുകയാണ് വേണ്ടത്.

Update: 2021-09-29 10:02 GMT

കോഴിക്കോട്: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിവാദപരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് പാലാ, താമരശ്ശേരി രൂപതാ ബിഷപ്പുമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ രംഗത്ത്. രൂപതകളില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ മറച്ചുവയ്ക്കാനും അതിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രീതി ലഭിക്കാനും നിങ്ങള്‍ക്ക് സംഘപരിവാറിന് കുഴലൂത്ത് നടത്താം. പക്ഷെ, അത് മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ടെന്ന് സത്താര്‍ പന്തല്ലൂര്‍ തുറന്നടിച്ചു. അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് മുസ്‌ലിം സമുദായത്തെ തെറിവിളിച്ചതുകൊണ്ടായില്ല; അതിന് സ്വയം പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പാഠപുസ്തകം തയ്യാറാക്കിയ വിഷയത്തില്‍ താമരശ്ശേരി ബിഷപ്പുമായി ചില മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തിയ ചര്‍ച്ചകളെയും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. നിങ്ങള്‍ രണ്ടുപേരുടെയും നേതൃത്വത്തില്‍ പ്രസംഗത്തിലും വേദപാഠപുസ്തകത്തിലൂടെയും മുസ്‌ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും പിന്‍വലിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണം കേരള സമൂഹമാകെ തള്ളിക്കളഞ്ഞു. താമരശ്ശേരി ബിഷപ്പ് ചില മുസ്‌ലിം സമുദായാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ ഖേദപ്രകടനം നടത്തിയതായും പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സമ്മതിച്ചതായും വാര്‍ത്ത വന്നു.

എന്നാല്‍, ഈ വാര്‍ത്താക്കുറിപ്പ് ബിഷപ്പിന്റെയോ ബിഷപ്പ് ഹൗസിന്റെയോ ഫേസ്ബുക്ക് പേജില്‍ വന്നില്ല. ദീപിക ദിനപത്രത്തിലും ആ വാര്‍ത്ത വന്നില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടിയുമില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വിവാദപുസ്തകത്തെ ശരിവച്ചും ലൗ ജിഹാദ് ആരോപണത്തെ ന്യായീകരിച്ചും ദീപിക ദിനപത്രത്തില്‍ ലേഖനം വന്നു. ഇതോടെ ചര്‍ച്ചയും പത്രക്കുറിപ്പും പിതാവിന്റെ നാടകമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോഴും വലിയ തോതിലുള്ള മുസ്‌ലിം വിദ്വേഷപ്രചാരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പാലാ, താമരശ്ശേരി ബിഷപ്പുമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

നിങ്ങള്‍ രണ്ടുപേരുടേയും നേതൃത്വത്തില്‍ പ്രസംഗത്തിലും വേദപാഠപുസ്തകത്തിലൂടെയും മുസ്‌ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണം കേരള സമൂഹമാകെ തള്ളിക്കളഞ്ഞു. കത്തോലിക്കാ സഭയിലെ സത്യസന്ധരായ പിതാക്കന്‍മാര്‍ വരെ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തുറന്ന് പറഞ്ഞു. താമരശ്ശേരി ബിഷപ്പ് ചില മുസ്‌ലിം സമുദായാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ ഖേദപ്രകടനം നടത്തിയതായും പുസ്തകത്തിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സമ്മതിച്ചതായും വാര്‍ത്ത വന്നു.

എന്നാല്‍, ഈ വാര്‍ത്താക്കുറിപ്പ് ബിഷപ്പിന്റെയോ ബിഷപ്പ് ഹൗസിന്റേയോ ഫെയ്‌സ്ബുക്ക് പേജില്‍ വന്നില്ല. സാമുഹിക മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായ സ്ഥിതിക്ക് ഇത് പ്രതീക്ഷിക്കാമല്ലൊ. ദീപിക ദിനപത്രത്തിലും ആ വാര്‍ത്ത വന്നില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഇതുസംബന്ധമായി അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടിയുമില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വിവാദപുസ്തകത്തെ ശരിവച്ചും ലൗ ജിഹാദ് ആരോപണത്തെ ന്യായീകരിച്ചും ദീപിക ദിനപത്രത്തില്‍ ലേഖനം വന്നു. ഇതോടെ ചര്‍ച്ചയും പത്രക്കുറിപ്പും പിതാവിന്റെ നാടകമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോഴും വലിയ തോതിലുള്ള മുസ്‌ലിം വിദ്വേഷപ്രചാരണം സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുകയും ചെയ്യുന്നു.

പ്രിയ ബിഷപ്പുമാരേ,

ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. അവിടുത്തെ രൂപതകളില്‍ നടക്കുന്ന അഭ്യന്തരസംഘര്‍ഷങ്ങള്‍ മറച്ച് വെക്കാനും അതിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രീതി ലഭിക്കാനും നിങ്ങള്‍ക്ക് സംഘപരിവാറിന് കുഴലൂത്ത് നടത്താം. പക്ഷെ, അത് മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട.

അവിടെ ജനനനിരക്ക് കുറയുന്നുണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് മുസ്‌ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; അതിന് സ്വയം പരിഹാരം കാണുകയാണ് വേണ്ടത്. സഭയുടെ പേരില്‍ നിങ്ങള്‍ കളിക്കുന്ന കളികള്‍ തിരിച്ച് ഉപയോഗിക്കാന്‍ മുസ്‌ലിംകള്‍ക്ക് അറിയാത്തത് കൊണ്ടല്ല. നിങ്ങളെ പോലെ ഞങ്ങളും ആകരുതെന്ന് കരുതുന്നത് കൊണ്ടാണ്. അത് തിരുത്താന്‍ ഇടവരാതിരിട്ടെ. !

Full View

Tags:    

Similar News