ജെഡിഎസിന്റെ എന്‍ഡിഎ ബന്ധത്തിന് പിണറായിയുടെ 'സമ്മതം'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം പുകയുന്നു
കോഴിക്കോട്: ജനതാദള്‍(എസ്)ന്റെ എന്‍ഡിഎ സഖ്യത്തിന് കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്‍ സമ്മതം മൂളിയെന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ദി ദേവഗൗഡയുടെ പരാമര്‍ശത്തില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിലംപരിശായ ജെഡിഎസ് ഈയിടെ ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ തന്നെ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്ത തീരുമാനത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹീമിനെ ഇന്നലെ പുറത്താക്കുകയും മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ തദ്സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എച്ച് ഡി ദേവഗൗഡയുടെ പുതിയ പരാമര്‍ശം വിവാദമാവുന്നത്. ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിണറായി വിജയന്‍ പൂര്‍ണസമ്മതം മൂളിയെന്നായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്ത കര്‍ണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പരാമര്‍ശം. കേരളത്തിലെ ഇടതു സര്‍ക്കാരില്‍ മന്ത്രിയായ കെ കൃഷ്ണന്‍കുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുകൂലമാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ട്. ജെഡിഎസ് ബിജെപിക്കൊപ്പം പോവാനുള്ള സാഹചര്യം ഇവര്‍ക്ക് ബോധ്യപ്പെട്ടു. അതിനാലാണ് ഇവരെല്ലാം പിന്തുണയ്ക്കുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
ദേവഗൗഡയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ യുഡിഎഫ് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും
കടന്നാക്രമിച്ചു. പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീറും ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു. ദേവഗൗഡ പറയുന്നതാണോ അതല്ല, സംസ്ഥാനത്തെ ജെഡിഎസ് നേതാക്കള്‍ പറയുന്നതാണോ സത്യമെന്ന് അറിയില്ല. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ബിജെപി-സിപിഎം ബാന്ധവം പുറത്ത് വന്നെന്നാണ് മുസ് ലിം ലീഗ് നേതാവ് എംകെ മുനീര്‍ ആഞ്ഞടിച്ചത്. ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോണ്‍ഗ്രസിനെതിരേ സിപിഎം-ബിജെപി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണ്. പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളില്‍ അന്വേഷണം അവസാനിച്ചത് ബിജെപി ബന്ധത്തെ തുടര്‍ന്നാണ്. ഇന്‍ഡ്യ മുന്നണിയില്‍ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാന്‍ കേരളാ സിപിഎം ശ്രമിച്ചെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപി-പിണറായി അന്തര്‍ധാരയാണ് ഇതോടെ പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം, ദേവഗൗഡയെ തള്ളി ജെഡിഎസിന്റെ സംസ്ഥാന നേതാക്കളും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും തന്നെയാണ് ദേവഗൗഡയെ തള്ളിപ്പറഞ്ഞത്. ബിജെപി ബന്ധത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പിന്തുണയുണ്ടെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നു മാത്യു ടി.തോമസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമോ, പ്രായാധിക്യം മൂലമോ സംഭവിച്ച പിഴവായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ ഒട്ടനവധി തെറ്റായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രസ്താവനയാണിത്. പിണറായി വിജയനും ദേവെഗൗഡയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് വര്‍ഷങ്ങളായി. യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപി ബന്ധത്തിന് കേരളത്തിലെ ജനതാദള്‍ എസ് പ്രതിനിധിയായ മന്ത്രിയോ മുഖ്യമന്ത്രിയോ അനുവാദം നല്‍കുകയെന്നത് തീര്‍ത്തും അസംഭവ്യമാണ്. ഒരു ഫോറത്തിലും ചര്‍ച്ചചെയ്യാതെയാണ് ബിജെപിക്കൊപ്പം ചേരുകയാണെന്ന പ്രഖ്യാപനം ദേവെഗൗഡ നടത്തിയതെന്നും മാത്യു ടി.തോമസ് വിശദീകരിച്ചു. മുഖ്യമന്ത്രി സമ്മതം കൊടുത്തിട്ടില്ലെന്നും ജെഡിഎസ് കേരളഘടകത്തിനു ദേവഗൗഡയുടെ എന്‍ഡിഎ ബന്ധത്തോട് വിയോജിപ്പാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായ ജെഡിഎസിനു രണ്ട് എംഎല്‍എമാരാണ് കേരളത്തിലുള്ളത്. ഇതില്‍ മാത്യു ടി തോമസ് പാര്‍ട്ടി അധ്യക്ഷനും കെ കൃഷ്ണന്‍ കുട്ടി വൈദ്യുതി മന്ത്രിയുമാണ്. ഇരുവരും മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ്. ഇവര്‍ ഇക്കുറിയും എല്‍ഡിഎഫിനൊപ്പം തന്നെയാണ് നിലയുറപ്പിക്കുന്നത്. ഏതായാലും എച്ച് ഡി ദേവഗൗഡയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് കാത്തിരിക്കുകയാണ് കേരള രാഷ്ട്രീയവും മുന്നണികളും.