കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷങ്ങള്‍; വടകരയില്‍ നിരോധനാജ്ഞ, റോഡ് ഷോകള്‍ തടഞ്ഞു, കല്ലേറ്
വടകര: കൊട്ടിക്കലാശം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പലയിടത്തും നേരിയ തോതില്‍ സംഘര്‍ഷം.വടകരയില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമുണ്ടായത്. ഇവിടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പോലിസ് നല്‍കുന്ന വിവരം.
അതേസമയം, തിരുവല്ലയിലും തിരുവനന്തപുരത്തും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. തിരുവല്ലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. കല്ലേറില്‍ ഇരുവിഭാഗത്തിനും പരിക്കുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞു. എല്‍ഡിഎഫ് വാഹന പ്രചാരണ ജാഥ എതിരേ വന്നതോടെയാണ് റോഡ് ഷോ തടസ്സപ്പെട്ടത്. തുടര്‍ന്ന് പോലിസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി.
എന്നാല്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറ് മുതല്‍ 24ന് രാത്രി 10വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് (ഏപ്രില്‍ 21) വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍, ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വടകരയില്‍ കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. നേതാക്കള്‍ ഇടപെട്ട് ആവേശഭരിതരായ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതോടെ സംഘര്‍ഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പോലിസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.