കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും മരവിപ്പിച്ച് ട്വിറ്റര്‍

പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഇന്‍സ്റ്റഗ്രാമിലൂടെ സ്‌ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് അറിയിച്ചു.

Update: 2021-08-12 06:36 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഇന്‍സ്റ്റഗ്രാമിലൂടെ സ്‌ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭാ വിപ്പ് മണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന കെ പി ബൈജു എന്നിവരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് ലോക്ക് വീണത്.

സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. 'മോദിജി, നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? ഓര്‍മപ്പെടുത്തലാണിത്: കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. സത്യം, അഹിംസ, ജനഹിതം എന്നിവ കൊണ്ട് മാത്രമാണ് മുന്നോട്ടുപോയത്. അപ്പോള്‍ ഞങ്ങള്‍ വിജയിച്ചു, ഞങ്ങള്‍ വീണ്ടും വിജയിക്കും- കോണ്‍ഗ്രസ് വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടാല്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ സാധ്യമാവുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു.

കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടുമെന്നും പ്രണവ് ഝാ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News