രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 25,404 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,404 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ 79ാം ദിവസവും 50,000ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) കഴിഞ്ഞ 81 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.78%) കഴിഞ്ഞ 15 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 98ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,127 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,84,159 ആയി. രോഗമുക്തി നിരക്ക് 97.58 ശതമാനമാണ്.
രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,62,207 പേരാണ്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.09 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,30,891 പരിശോധനകള്‍ നടത്തി. ആകെ 54.44 കോടിയിലേറെ (54,44,44,967) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.07 ശതമാനമാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 75.22 കോടി ഡോസ് വാക്‌സിനാണ്. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 72.77 കോടിയിലധികം (72,77,98,325) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. അധികമായി 1.6 കോടിയിലേറെ (1,60,75,000) ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. ഉപയോഗിക്കാത്ത 4.49 കോടിയിലധികം (4,49,03,025) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്. ഏവര്‍ക്കും കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്.