രാജ്യത്ത് 30,773 പേര്‍ക്ക് കൂടി കൊവിഡ്; പ്രതിദിന രോഗബാധയില്‍ 13.7 ശതമാനം കുറവ്

Update: 2021-09-19 05:05 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,773 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 13.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 12.5 ശതമാനം വരെയാണ് ഒറ്റദിവസം വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇപ്പോഴത്തെ കണക്ക് ആശ്വാസം നല്‍കുന്നതാണ്. 38,945 പേരാണ് 24 മണിക്കൂറിനിടെ രോഗത്തില്‍നിന്ന് മുക്തി നേടിയത്. 309 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,34,48,163 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 4,44,838 പേര്‍ മരിച്ചു.

3,26,71,167 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,32,158 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സയിലുള്ളത് കേരളത്തിലാണ്. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരും മരണങ്ങളും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. ശനിയാഴ്ച 19,325 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,391 പേര്‍ക്ക് മാത്രം. മരണം 80. സജീവ കേസുകളുടെ എണ്ണം 47,919 ആയി. 2,83,445 പേര്‍ ഹോം ക്വാറന്റൈനിലും 1,812 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 3,841 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.

നൂറിലധികം മരണങ്ങളും നിലവില്‍ പ്രതിദിനം റിപോര്‍ട്ട് ചെയ്യുന്നതും കേരളത്തില്‍ മാത്രം. വെള്ളിയാഴ്ച കേരളത്തില്‍ 143 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 80 പേരും മരിച്ചത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ കുറവ് രേഖപ്പെടുത്തിയവയാണ്. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്യുന്ന മൊത്തം കേസുകളുടെ പകുതിയോളം കേരളത്തിലാണ് എന്നത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നു.

പട്ടികയില്‍ മൂന്നാമത് തമിഴ്‌നാട്ടില്‍ മഹാരാഷ്ട്രയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ ഉള്‍പ്പെടെ 1,653 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം എണ്ണം 26,43,683 ആയി. 22 പേരുടെ മരണത്തോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 35,310 ആയി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,581 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് 16,893 സജീവ കേസുകളാണുള്ളത്. ചെന്നൈ 204, കോയമ്പത്തൂര്‍ 201, ഈറോഡ് 139, ചെങ്കല്‍പേട്ട് 101, ബാക്കിയുള്ളവ മറ്റ് ജില്ലകളിലായാണ് കൂടുതല്‍ കേസുകളുള്ളത്.

Tags:    

Similar News