രാജ്യത്ത് 24 മണിക്കൂറിനിടെ 18,870 പേര്‍ക്ക് കൊവിഡ്; 11,196 കേസുകളും കേരളത്തില്‍

Update: 2021-09-29 06:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,870 പുതിയ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 378 പേര്‍ക്കാണ് ഒരുദിവസത്തിനിടെ ജീവന്‍ നഷ്ടമായത്. ഏതാനും നാളുകളായി രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 18,870 കേസുകളില്‍ 11,196 കേസുകളും കേരളത്തിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ സജീവമായ കൊവിഡ് കേസുകള്‍ 2,82,520 ആണ്. ഇത് കഴിഞ്ഞ 194 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ ഒരുശതമാനത്തില്‍ താഴെയാണ്. നിലവില്‍ ഇത് 0.84 ശതമാനമാണ്. ഇത് 2020 മാര്‍ച്ച് മുതല്‍ പരിശോധിച്ചാല്‍ ഏറ്റവും താഴ്ന്നതാണ്. 378 മരണങ്ങള്‍കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 4,47,751 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,178 രോഗികള്‍ സുഖം പ്രാപിച്ചു. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ സുഖം പ്രാപിച്ച രോഗികളുടെ മൊത്തം എണ്ണം 3,29,86,180 ആയി ഉയര്‍ന്നു. ഇന്ത്യയിലെ കൊവിഡ് മുക്തരുടെ നിരക്ക് നിലവില്‍ 97.83 ശതമാനമാണ്. ഇത് 2020 മാര്‍ച്ച് മുതല്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് വ്യക്തമാവും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,04,713 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം പരിശോധനകള്‍ 56,74,50,185 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവില്‍ രാജ്യം ഇതുവരെ 87.66 കോടി വാക്‌സിന്‍ ഡോസുകളും നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ മൊത്തം എണ്ണം 87,66,63,490 ല്‍ എത്തിയിട്ടുണ്ട്. അതില്‍ 54,13,332 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് നല്‍കിയത്. 85,33,076 ഘട്ടങ്ങളിലായാണ് ഈ നേട്ടം കൈവരിച്ചത്.

Tags:    

Similar News