കൊവിഡ് വാക്‌സിന്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ന്യായ വിലയ്ക്ക് സംസ്ഥാനത്തിന് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.കരിഞ്ചന്തയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ പാടില്ല.ഇത്തരം ദുരന്ത സമയത്ത് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട നടപടി പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടു നല്‍കരുതെന്നും കേന്ദ്രം വാക്‌സിന്‍ വാങ്ങി നല്‍കുന്നതാണ് കൂടുതല്‍ ഗുണകരമെന്നും സര്‍ക്കാര്‍ പറഞ്ഞു

Update: 2021-06-02 06:22 GMT

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ വിതരണ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വാക്‌സന്‍ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതിയില്‍ വിമര്‍ശനം ഉന്നയിച്ചത്.ന്യായ വിലയ്ക്ക് സംസ്ഥാനത്തിന് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കരിഞ്ചന്തയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ പാടില്ല.ഇത്തരം ദുരന്ത സമയത്ത് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട നടപടി പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടു നല്‍കരുതെന്നും കേന്ദ്രം വാക്‌സിന്‍ വാങ്ങി നല്‍കുന്നതാണ് കൂടുതല്‍ ഗുണകരമെന്നും സര്‍ക്കാര്‍ പറഞ്ഞു.ഒരു കോടി വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് സംസ്ഥാന സര്‍ക്കാരിന് വാക്‌സിന്‍ വാങ്ങാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വാക്‌സിന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും സംസ്ഥാര്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.വാക്‌സിന്‍ ദൗര്‍ലഭ്യമെന്നു പറയുമ്പോഴും സ്വാകര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ കിട്ടുന്നു.എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് വാക്‌സിന്‍ ലഭ്യമാകാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കിക്കൂടെയെന്നും നേരത്തെ ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന സ്വകാര്യ ആശുപത്രിക്കള്‍ക്ക് നല്‍കുന്നതിനേക്കാള്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിക്കൂടെയെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

Tags:    

Similar News