കൊവിഡ് മൂന്നാം തരംഗം രണ്ടു മാസത്തിനകം; മുന്നറിയിപ്പുമായി എയിംസ് മേധാവി
ഇളവുകള്‍ ദുരുപയോഗം ചെയ്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളുടെ ജാഗ്രതയ്ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാന്‍ കഴിയൂ എന്നും ഡോ. രണ്‍ദീപ് ഗുലേറിയ ഓര്‍മിപ്പിച്ചു.
ന്യൂഡല്‍ഹി:കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ രണ്ടു മാസത്തിനകം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ ഇത് അറിയിച്ചത്. പരമാവധി ജനങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കുകയാണ് ഇത് ചെറുക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറയുന്നു.
ആറാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കണം. ഇതിനായി ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പേരിലേക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചത്.
ആദ്യ തരംഗത്തില്‍ കൊവിഡ് വളരെ മെല്ലെയാണ് പടര്‍ന്നിരുന്നതെങ്കില്‍ ഡെല്‍റ്റാ വേരിയന്റിലേക്ക് എത്തിയപ്പോള്‍ പകര്‍ച്ച അതിവേഗവും ഗുരുതരസ്വഭാവത്തിലേക്കും മാറി.ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ഇളവുകള്‍ ദുരുപയോഗം ചെയ്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളുടെ ജാഗ്രതയ്ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാന്‍ കഴിയൂ എന്നും ഡോ. രണ്‍ദീപ് ഗുലേറിയ ഓര്‍മിപ്പിച്ചു.