കൊവിഡ് മൂന്നാം തരംഗം ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍; 4.5-5 ലക്ഷം പ്രതിദിന രോഗബാധക്ക് സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2021-10-08 04:28 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം ഇപ്പോഴും പുറത്തുകടന്നിട്ടില്ലെന്നും വരാനിരിക്കുന്ന ഉല്‍സവ സീസണില്‍ ജനങ്ങള്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനത്ത പ്രതിദിന രോഗബാധയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന രോഗബാധ 4.5-5 ലക്ഷം വരെ ഉയരാം. ഇപ്പോള്‍ 20,000മാണ് ശരാശരി രോഗബാധ. 

ദസറ, ദീവാലി, ദുര്‍ഗപൂജ, ക്രിസ്മസ്, വിവാഹാഘോഷങ്ങള്‍ എന്നിവ വരാനിരിക്കുകയാണ്. ഈ കാലത്ത് വലിയ തോതില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. പ്രതിവാര യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ലവ് അഗര്‍വാളിനു പുറമെ നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി കെ പോളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

''ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിലെ ഇടിവ് കണക്കിലെടുക്കാനാവില്ല. കൂടുതല്‍ ശ്രദ്ധയോടെ കൊവിഡ് ആരോഗ്യസുരക്ഷ പാലിച്ചാല്‍ മാത്രമേ അപകടമില്ലാതെ പുറത്തുകടക്കാനാവൂ''- വി കെ പോള്‍ പറഞ്ഞു.

രണ്ടാം തരംഗം ഇതുവരെ പിന്നിട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പല ജില്ലകളിലും കൂടിയ പോസിറ്റിവിറ്റി നിരക്ക് മൂന്നാം തരംഗ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മിസോറം, കേരളം, സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ ഇപ്പോഴും അഞ്ചിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുണ്ട്. 10 ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റി നിരക്കുള്ള 34 ജില്ലകളുണ്ട്. 28 ജില്ലകളില്‍ 5-10 ശതമാനത്തിനിടയിലാണ് പോസിറ്റിവിറ്റി നിരക്ക്. 

Tags:    

Similar News