കണ്ണൂരില്‍ വീണ്ടും സിപിഎം-ആര്‍എസ്എസ് ഡീല്‍; അശ്വിനി വധക്കേസില്‍ സിപിഎം അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കണമെന്ന് ആര്‍എസ്എസ്

Update: 2022-08-25 05:47 GMT

കണ്ണൂര്‍: പുന്നാട് കൊലചെയ്യപ്പെട്ട ആര്‍എസ്എസ് നേതാവ് അശ്വിനി വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസ്‌ക്യൂട്ടറായി സിപിഎമ്മിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനായ ബി പി ശശീന്ദ്രനെ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആര്‍എസ്എസ് തീരുമാനത്തിന്റെ ഭാഗമായാണ് കുടുംബത്തിന്റെ ഈ ആവശ്യം. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കാനുള്ള നീക്കം സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നുണ്ട്.

നേരത്തെ പ്രോസിക്യുട്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശശീന്ദ്രന്‍ കാലാവധി തീരാന്‍ ഒരുവര്‍ഷം ബാക്കി നില്‍ക്കേ രാജിവെച്ചു പോയ ആളാണ്. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ബി പി ശശീന്ദ്രനാണ് കേസ് കൈകാര്യം ചെയ്തിരുന്നത്. ശശീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമിതനായി. ഈ സാഹചര്യത്തില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെ കേസിന്റെ തുടര്‍ന്നുള്ള നടപടിയിലും നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രത്യക്ഷത്തില്‍ ആര്‍എസ്എസ്-സിപിഎം പോര് ശക്തമാണെങ്കിലും നേതാക്കള്‍ക്കിടയില്‍ രഹസ്യധാരണകളും നീക്കുപോക്കുകളും നടക്കുന്നുണ്ടെന്നതിന് തെളിവാണ് ആര്‍എസ്എസ്സിന്റെ ഈ ആവശ്യം. സമീപ കാലത്തായി നിരവധി സിപിഎം പ്രവര്‍ത്തകരേയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്. എന്നാല്‍, ഈ സംഭവങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ സിപിഎം നേതൃത്വം തയ്യാറായില്ല. സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ക്കിടയിലെ രഹസ്യ ധാരണയുടെ ഫലമാണ് സിപിഎമ്മിന്റെ ഈ തണുപ്പന്‍ നയത്തിന് കാരണം. സിപിഎം-ആര്‍എസ്എസ് രഹസ്യ ധാരണയുടെ ഭാഗമാണ് അശ്വനി കുമാര്‍ വധക്കേസിലുള്ള ആര്‍എസ്എസ്സിന്റെ നിലപാടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ സിപിഎമ്മിന്റെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുകയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അഭിഭാഷനെ തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു അശ്വിനി കുമാറിന്റെ മാതാവിന്റെ പേരിലാണ് അപേക്ഷ നല്‍കിയിരിക്കുന്നതെങ്കിലും കേസ് കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങളെടുക്കുന്നതും ആര്‍എസ്എസ്സാണ്.

സിപിഎമ്മിന് വേണ്ടി പ്രധാന കേസുകള്‍ വാദിച്ച അഭിഭാഷകന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ ശശീന്ദ്രന്‍ കണ്ണൂരിലെ സിപിഎം നേതാക്കളായ എം വി ജയരാജന്‍, പി ജയരാജന്‍ അടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. സിപിഎം നേതാവ് തന്നെ ആര്‍എസ്എസ്സിന് വേണ്ടി വാദിക്കാന്‍ വരുന്നത് സിപിഎം അണികള്‍ക്കിടയിലും വിവാദമായിട്ടുണ്ട്. അശ്വനി കുമാറിന്റെ അമ്മയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തലശേരിയില്‍ ആര്‍എസ്എസ്സുകാര്‍ പ്രതിസ്ഥാനത്ത് വന്ന സിപിഎം പ്രവര്‍ത്തകന്‍ സുധീര്‍ വധക്കേസില്‍ പ്രോസിക്യൂഷന്റെ ഭാഗമായിരുന്നു ശശീന്ദ്രന്‍. സുധീര്‍ കേസില്‍ പല സാക്ഷികളും കൂറ് മാറുന്ന സാഹചര്യം ഉണ്ടായി. ഒടുവില്‍ ആര്‍എസ്എസ്സുകാരായ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ കേസില്‍ ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ വന്‍ അട്ടിമറി നടന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍എസ്എസ്സുകാരായ പ്രതികളെ രക്ഷിച്ചതില്‍ പ്രോസിക്യൂഷന്റെ ഭാഗമായിരുന്ന ശശീന്ദ്രനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

പുന്നാട് എന്‍ഡിഎഫ് സബ് ഡിവിഷന്‍ കണ്‍വീനറും മഹല്ല് ഭാരവാഹിയും ആയിരുന്ന മുഹമ്മദിനെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ആര്‍എസ്എസ് നേതാവ് അശ്വനി കുമാര്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News