സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയാവും

ഇന്ന് രണ്ടു തവണയായി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരുവിഭാഗം നേതാക്കള്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല

Update: 2019-08-10 17:55 GMT

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി വീണ്ടും സോണിയാ ഗാന്ധിയെത്തുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംസ്ഥാനങ്ങളില്‍ നിന്നു അഭിപ്രായനിര്‍ദേശങ്ങള്‍ക്കും ശേഷമാണ് നിലവില്‍ യുപിഎ അധ്യക്ഷയായ സോണിയാ ഗാന്ധിയെ തന്നെ കോണ്‍ഗ്രസിനെ നയിക്കാന്‍ തിരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്‍ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് വരണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നിരുന്ന രാഹുല്‍ ഗാന്ധി, പ്രവര്‍ത്തകസമിതി യോഗത്തില്‍ ക്ഷുഭിതനായതായും റിപോര്‍ട്ടുകളുണ്ട്. ഇന്ന് രണ്ടു തവണയായി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരുവിഭാഗം നേതാക്കള്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മാത്രമല്ല, യോഗം പിരിഞ്ഞ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് രോഷത്തോടെയാണ് പ്രതികരിച്ചത്. കശ്മീരിലെ രൂക്ഷമായ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്ത് യോഗം അവസാനിപ്പിച്ചെന്നു പറഞ്ഞ് സോണിയയുടെ നിയമനത്തെ കുറിച്ച് മിണ്ടാതെയാണ് രാഹുല്‍ മടങ്ങിയത്. നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചതായും വിവരമുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിക്കുന്നത് ഉള്‍പ്പെടെ മൂന്നു പ്രമേയങ്ങളാണ് യോഗം അംഗീകരിച്ചത്. ഒന്നില്‍ രാഹുലിനു നന്ദി പ്രകടിപ്പിച്ചപ്പോള്‍ മൂന്നാമത്തെ പ്രമേയത്തിലാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കണമെന്ന ആവശ്യമുണ്ടായിരുന്നത്. എന്നാല്‍, സോണിയാ ഗാന്ധിയോ ഔദ്യോഗിക വൃത്തങ്ങളോ ഇത് വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ, എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയയും രാഹുലും പങ്കെടുത്തിരുന്നില്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനു വേണ്ടിയാണ് പങ്കെടുക്കാതിരുന്നതെന്നായിരുന്നു വാദം. എന്നാല്‍, യോഗത്തിനിടെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് രാഹുലിനെ യോഗത്തിലെത്തിച്ച ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. യോഗം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ രാഹുല്‍ മടങ്ങിയതായും റിപോര്‍ട്ടുകളുണ്ട്.



Tags:    

Similar News