നിര്‍ഭയ കേസ്: വധശിക്ഷ നാളെയില്ല; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി

വിനയ് ശര്‍മയെ മാറ്റി നിര്‍ത്തി മറ്റു മൂന്ന് പ്രതികളെ നാളെ തന്നെ തൂക്കിലേറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഘട്ടം ഘട്ടമായി വധശിക്ഷ നടപ്പാക്കാനാവില്ലെന്നും ഒരേ കുറ്റകൃത്യം ഒരുമിച്ച് ചെയ്തവര്‍ക്ക് ശിക്ഷയും ഒരുമിച്ച് നല്‍കേണ്ടതായിട്ടുണ്ടെന്നും ജഡ്ജി രാവിലെ അറിയിച്ചിരുന്നു.

Update: 2020-01-31 13:33 GMT

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടി. നാളെ വിധി നടപ്പാക്കില്ല. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി പട്യാല കോടതിയുടേതാണ് സുപ്രധാന വിധി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്നാണ് ഉത്തരവിട്ടിരിക്കുന്നത്.

വിനയ് ശര്‍മയെ മാറ്റി നിര്‍ത്തി മറ്റു മൂന്ന് പ്രതികളെ നാളെ തന്നെ തൂക്കിലേറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഘട്ടം ഘട്ടമായി വധശിക്ഷ നടപ്പാക്കാനാവില്ലെന്നും ഒരേ കുറ്റകൃത്യം ഒരുമിച്ച് ചെയ്തവര്‍ക്ക് ശിക്ഷയും ഒരുമിച്ച് നല്‍കേണ്ടതായിട്ടുണ്ടെന്നും ജഡ്ജി രാവിലെ അറിയിച്ചിരുന്നു. അല്‍പസമയത്തിനകം കേസില്‍ അന്തിമ ഉത്തരവ് തരുമെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ തുടരണമെന്നും രാവിലെ ജഡ്ജി പറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മാത്രമാണ് വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ നീട്ടിവച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് അവസരമുണ്ട്. വധശിക്ഷ റദ്ദാക്കുന്നതിനുള്ള എല്ലാ നിയമപരമായ അവകാശവും വിനിയോഗിച്ച ശേഷമേ മരണവാറന്റ് പുറപ്പെടുവിക്കായെന്നാണ് വിനയ് ശര്‍മ്മയുടെ ഹര്‍ജിയിലെ ആവശ്യം. വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. ദയാഹര്‍ജി തള്ളിയാല്‍ തന്നെ പതിനാല് ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് സുപ്രീം കോടതി മാര്‍ഗരേഖയുള്ളത്.അതിനാല്‍ നാള വധശിക്ഷ നടപ്പാക്കാനിടയില്ല.

തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ഇന്ന് നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാര്‍ പവന്‍ കുമാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാല്‍ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി!ര്‍ഭയകേസ് പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.

പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റൊരു പ്രതി മുകേഷ് സിംഗ് നല്‍കിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. 2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്.

Tags:    

Similar News