നിര്‍ഭയ: പ്രതികളുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി

വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പറഞ്ഞതെന്നാണ് കുറ്റവാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍, ഹര്‍ജിയില്‍ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Update: 2020-03-19 18:30 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി. നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികള്‍ സുപ്രിം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് സൂചന. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പറഞ്ഞതെന്നാണ് കുറ്റവാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍, ഹര്‍ജിയില്‍ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു.

ശിക്ഷ സ്‌റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി.

എന്തിനാണ് തങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാന്‍ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാര്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി. ഒരു രേഖയുമില്ലാതെയാണ് ഹര്‍ജി നല്‍കി സ്‌റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഹര്‍ജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുമ്പില്‍ എത്തിയിരിക്കുന്നു.

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹര്‍ജികളും തള്ളിയാല്‍ പുതിയ ഹര്‍ജികള്‍ വീണ്ടും സമര്‍പ്പിച്ചേക്കാം.

നാല് പേര്‍ക്കുമുള്ള തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന്‍ കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി.സിസിടിവി കാമറയിലൂടെ നാല് പേരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിങ്ങും നല്‍കുകയും ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്കു അവസരവും നല്‍കിയിരുന്നു.


Tags:    

Similar News