ബലാല്‍സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ബാനു സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടംചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും മൂന്നുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയും വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചു. കോടതി ജീവപര്യന്തരം ശിക്ഷിച്ച കൂട്ടപീഡനക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് ആഗസ്ത് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മരവിപ്പിക്കണമെന്നും ശിക്ഷായിളവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബില്‍ക്കിസ് ബാനു അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ വേഗത്തില്‍ കേള്‍ക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിനോട് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ചോദിച്ചു. ബാനു നല്‍കിയ ഹരജി ഉടന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സുപ്രിംകോടതി വിധിക്കെതിരേ ബില്‍ക്കിസ് ബാനു പുനപ്പരിശോധനാ ഹരജിയും നല്‍കിയിട്ടുണ്ട്. രണ്ട് ഹരജികളും ഒരുമിച്ച് കേള്‍ക്കാനാവുമോയെന്നും ഒരേ ബെഞ്ചിന് മുന്നില്‍ വാദം കേള്‍ക്കാനാവുമോയെന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതിയില്‍ നിരവധി ഹരജികള്‍ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ബില്‍ക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ഗുജറാത്തല്ല, മഹാരാഷ്ട്രയാണ് തീരുമാനമെടുക്കേണ്ടതെന്നും ബില്‍ക്കിസ് ബാനു ഹരജിയില്‍ പറയുന്നു. 15 വര്‍ഷത്തോളമായി ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് ആഗസ്ത് 15നാണ് വിട്ടയച്ചത്. എന്നാല്‍, ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടി രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ 2002ലാണ് ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയായത്. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികളെ ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം.