ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് പച്ചനുണ; 'നല്ല പെരുമാറ്റത്തിന്' വിട്ടയച്ച ബില്‍ക്കീസ് ബാനു ബലാല്‍സംഗക്കേസ് പ്രതികള്‍ക്കെതിരേ ഒന്നിലധികം കേസുകള്‍
പ്രതികളുടെ നല്ല പെരുമാറ്റവും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചതുകൊണ്ടാണ് പ്രതികളെ അകാലത്തില്‍ മോചിപ്പിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞത്.
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവളുടെ മുഴുവന്‍ കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തകേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷാകാലയളവ് പൂര്‍ത്തിയാവും മുമ്പെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞതു മുഴുവന്‍ പച്ചനുണ. പ്രതികളുടെ നല്ല പെരുമാറ്റവും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചതുകൊണ്ടാണ് പ്രതികളെ അകാലത്തില്‍ മോചിപ്പിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞത്.
എന്നാല്‍, മോചനത്തിന് മുമ്പ് ആയിരക്കണക്കിന് ദിവസങ്ങള്‍ പരോളില്‍ കഴിഞ്ഞ പ്രതികള്‍ക്കെതിരേ പുറത്തുവന്ന എഫ്‌ഐആറുകള്‍ 'നല്ല പെരുമാറ്റം' എന്ന സര്‍ക്കാര്‍വാദത്തെ പരിഹസിക്കുന്നതാണ്. പരോളില്‍ പുറത്തിറങ്ങുമ്പോള്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി വ്യക്തമാക്കുന്ന ഒന്നിലധികം എഫ്‌ഐആറുകളും പോലിസ് പരാതികളും എന്‍ഡിടിവി പുറത്തുവിട്ടിട്ടുണ്ട്. കുറ്റവാളികള്‍ ജയിലില്‍ കഴിയുമ്പോഴും പരോളില്‍ പുറത്തിറങ്ങിയപ്പോഴും പ്രതികള്‍ ഒരു തെറ്റും ചെയ്തതിന് തെളിവില്ലെന്നായിരുന്നു അവരുടെ 'നല്ല പെരുമാറ്റ' ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെട്ടത്.
2017-2021 കാലയളവില്‍, ബില്‍ക്കിസ് ബാനു കേസില്‍ കുറഞ്ഞത് നാല് സാക്ഷികളെങ്കിലും കുറ്റവാളികള്‍ക്കെതിരെ പരാതികളും എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍ഡിടിവിയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഒരു എഫ്‌ഐആറും രണ്ട് പോലിസ് പരാതികളും എന്‍ഡിടിവിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പരോളില്‍ പുറത്തിറങ്ങിയ രണ്ട് കുറ്റവാളികളായ രാധേഷ്യാം ഷാ, മിതേഷ്ഭായ് ഭട്ട് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 2020 ജൂലായ് 6ലെ എഫ്‌ഐആര്‍ ഇതിലൊന്നാണ്. ഇതില്‍ ബില്‍ക്കീസ് ബാനു കേസിലെ സാക്ഷി പിന്തുഭായിയും സാബിറാബെന്‍ പട്ടേലും നല്‍കിയ പരാതിയില്‍ ദാഹോദിലെ രാധികാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ സെക്ഷന്‍ 354, 504 (ഭീഷണിപ്പെടുത്തല്‍), 506 (2) (കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍), 114 (പ്രേരണ) എന്നീ വകുപ്പുകള്‍ ചുമത്തി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബില്‍ക്കിസ് ബാനു കേസിലെ രണ്ട് കുറ്റവാളികളും രാധശ്യാമിന്റെ സഹോദരന്‍ ആശിഷും ഉള്‍പ്പെടെ മൂന്ന് പേര്‍ സാബിറബെന്‍, മകള്‍ അര്‍ഫ, സാക്ഷി പിന്തുഭായി എന്നിവരെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
മറ്റൊരു സാക്ഷിയായ മന്‍സൂരി അബ്ദുള്‍ റസാഖ് അബ്ദുള്‍ മജിദ്, 2021 ജനുവരി 1ന് സൈലേഷ് ചിമ്മന്‍ലാല്‍ ഭട്ടിനെതിരെ ദഹോദ് പോലീസില്‍ പോലീസ് പരാതി നല്‍കിയിരുന്നു. പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ കുറ്റവാളിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍, ഈ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായില്ല.
കേസില്‍ സാക്ഷികളായ ഗഞ്ചി ആദംഭായ് ഇസ്മയില്‍ഭായ്, ഘഞ്ചി ഇംതിയാസ്ഭായ് യൂസുഫ്ഭായ് എന്നിവര്‍ 2017 ജൂലായ് 28ന് പ്രതികളിലൊരാളായ ഗോവിന്ദ് നായിക്കെതിരെ പരാതി നല്‍കിയിരുന്നു. . ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ പ്രതി തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അപേക്ഷകര്‍ ആരോപിച്ചു. നായിക്ക് പരോളില്‍ പുറത്തായിരുന്നു. ഈ പരാതിയിലും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ല. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ കുറ്റവാളികളെ മോചിപ്പിക്കുകയും ഗുജറാത്തിലെ ജയിലിന് പുറത്ത് ഹാരാര്‍പ്പണത്തോടെ ഇവരെ സ്വീകരിച്ച് ആനയിക്കുകയും ചെയ്തിരുന്നു.
ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച കുറ്റവാളികളിലൊരാളായ മിതേഷ് ചിമന്‍ലാല്‍ ഭട്ട് 2020 ജൂണ്‍ 19ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അനുബന്ധ രേഖയിലും വ്യക്തമാക്കുന്നുണ്ട്.