ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചത് നല്ല പെരുമാറ്റം പരിഗണിച്ച്; വിട്ടയച്ചതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

അതേസമയം, കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്ന കുറ്റവാളികളുടെ അപേക്ഷ പരിഗണിക്കണമെന്ന് മാത്രമാണ് നിര്‍ദേശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2022-10-17 16:26 GMT
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ചത്. 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍ അവരുടെ നല്ല പെരുമാറ്റം പരിഗണിച്ചാണ് ഇളവ് അനുവദിച്ചതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.

ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ഗുജറാത്ത് വംശഹത്യയ്ക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നുവയസുകാരി മകളടക്കം ഏഴുപേരെ കണ്‍മുന്നില്‍ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 കുറ്റവാളികളെ മോചിപ്പിച്ചത് ചോദ്യംചെയ്ത ഹര്‍ജികളില്‍ നേരത്തേ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു.

2002 മാര്‍ച്ച് 3 ന് ദാഹോദിലെ ലിംഖേഡ താലൂക്കിലെ രന്ധിക്പൂര്‍ ഗ്രാമത്തില്‍വച്ച് ഹിന്ദുത്വര്‍ ബാനുവിന്റെ കുടുംബത്തെ ആക്രമിക്കുകയും ഗര്‍ഭിണിയായ ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും  കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

മുംബൈയിലെ പ്രത്യേക സിബിഐ കോടതി 2008 ജനുവരി 21ന് കൊലപാതക, കൂട്ടബലാത്സംഗ ക്കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ 15 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചു, അതിനുശേഷം അവരില്‍ ഒരാള്‍ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അവരുടെ ഹരജി പരിഗണിക്കണമെന്ന കോടതി പരാമര്‍ശത്തിനു പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഇക്കഴിഞ്ഞ ആഗസ്ത് 15ന് ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

അതേസമയം, കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്ന കുറ്റവാളികളുടെ അപേക്ഷ പരിഗണിക്കണമെന്ന് മാത്രമാണ് നിര്‍ദേശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.


Tags:    

Similar News