നിര്‍ഭയ കേസ്: വിനയ് ശര്‍മ്മ നല്‍കിയ അപേക്ഷ കോടതി നിരസിച്ചു; മുകേഷ് സിങ് വീണ്ടും സുപ്രിംകോടതിയില്‍
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെയാണ് മുകേഷ് സിങ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെയാണ് മുകേഷ് സിങ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മരണവാറണ്ടിനെതിരേ മുകേഷ് സിങ് നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളുടെ ദയാഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതാണെന്നും, ഇത്തരം ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ച നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ്മക്ക് കനത്ത തിരിച്ചടി. ദയാഹര്‍ജി നല്‍കുന്നതിനാവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്ന് ആരോപിച്ച് വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ ഡല്‍ഹി കോടതി നിരസിച്ചു. പ്രതിഭാഗം അഭിഭാഷകന് ജയിലില്‍ പോയി രേഖകള്‍ പരിശോധിക്കാവുന്നതാണെന്നും, ഹര്‍ജിയില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിനയ് ശര്‍മ വിഷം ഉള്ളില്‍ ചെന്നു ആശുപത്രിയില്‍ ആയിരുന്നു എന്ന് അഭിഭാഷകന്‍ കോടതിയെ കോടതിയെ അറിയിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. ഇതോടെയാണ് തുടര്‍ ഉത്തരവ് നല്‍കാതെ വിനയ് ശര്‍മയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചത്.
ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് മുകേഷ് സിങ് ഒഴികെയുളള പ്രതികള്‍ പട്യാല ഹൗസ് കോടതിയെയും സമീപിച്ചിട്ടുണ്ട്. മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നീ പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.