കര്‍ഷക പ്രക്ഷോഭം നേരിടാന്‍ സ്വയം ആയുധങ്ങള്‍ നിര്‍മിച്ച് ഡല്‍ഹി പോലിസ് : അനുമതി നല്‍കിയിട്ടില്ലെന്ന് വിശദീകരണം

'ആയുധ സജ്ജരായി' ചിത്രത്തിലുള്ള പോലിസുകാര്‍ ഡല്‍ഹിയിലെ ഷഹദാരയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതായും ഇവരോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു

Update: 2021-02-02 06:36 GMT

ന്യൂഡല്‍ഹി: പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരെ നേരിടാന്‍ ഡല്‍ഹി പോലീസ് നിര്‍മിച്ച ഇരുമ്പു ദണ്ഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കര്‍ഷകരെ നേരിടാന്‍ യുദ്ധത്തിനെന്ന പോലെ ഇരുമ്പു ദണ്ഡുകളും ഇരുമ്പിന്റെ കൈയുറകളും ധരിച്ചു നില്‍ക്കുന്ന പോലിസിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് ഒദ്യോഗികമായി അറിവോ സമ്മതമോ ഇല്ലാതെയാണ് ചില പോലിസുകാര്‍ ഇത്തരം ആയുധങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. കര്‍ഷകരെ നേരിടാന്‍ 'ആയുധ സജ്ജരായ' പോലിസിന്റെ ചിത്രം വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്തയാക്കിയിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനും കാരണമായിരുന്നു.


'ആയുധ സജ്ജരായി' ചിത്രത്തിലുള്ള പോലിസുകാര്‍ ഡല്‍ഹിയിലെ ഷഹദാരയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതായും ഇവരോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടിയില്‍ സംഘര്‍ഷമുണ്ടാക്കിയ ചിലര്‍ പോലിസിനെ പ്രതിരോധിക്കാന്‍ വാളുകള്‍ ഉപയോഗിച്ചിരുന്നു. സമരം അക്രമസക്താമാക്കാന്‍ ആര്‍എസ്എസ് ഇറക്കിയ അക്രമികളാണ് ഇതെന്ന് പിന്നീട് കര്‍ഷക സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു.


ഇരുമ്പു ദണ്ഡുകള്‍ പോലിസുകാരില്‍ നിന്ന് തിരിച്ചെടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരക്കാര്‍ക്കു നേരെ ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News