ന്യൂ ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കം തടഞ്ഞ് ഡല്‍ഹി പോലിസ്. ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദല്‍, പാര്‍ട്ടി വക്താവ് ദല്‍ജിത്ത് സിങ് ചീമ എന്നിവര്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ് നല്‍കി. രാഖബ്ഗഞ്ച് ഗുരുദ്വാരയില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് നിരോധിച്ചതായി അറിയിച്ചുള്ള നോട്ടിസാണ് ഡല്‍ഹി പോലിസ് കൈമാറിയത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക, രാഷ്ട്രീയ, കായിക, മത, ഉത്സവ സംബന്ധമായ ഒത്തുചേരലുകളും സംഗമങ്ങളും സപ്തംബര്‍ 30 വരെ രാജ്യ തലസ്ഥാനത്ത് നിരോധിച്ചതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ഡിസിപി) ദീപക് യാദവ് പുറപ്പെടുവിച്ച നോട്ടിസില്‍ അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സപ്തംബര്‍ 17 'ബ്ലാക്ക് ഡേ' ആയി ആചരിക്കുമെന്നും ഡല്‍ഹി ഗുരുദ്വാര രാകബ്ഗഞ്ചില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും എസ്എഡി ജനറല്‍ സെക്രട്ടറി പ്രേം സിംഗ് ചന്തുമാജ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
'മാര്‍ച്ച് സമാധാനപരമാകും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കും. പ്രതിഷേധിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും, ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയും മെമ്മോറാണ്ടം നല്‍കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.