ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെ പോലിസ് ഒഴിവാക്കി

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍, ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഷാഹീന്‍ ബാഗില്‍ തടിച്ചുകൂടിയവര്‍, സിഎഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചു മാത്രമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്.

Update: 2020-06-09 13:19 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പോലിസ് സമര്‍പ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി 25 വരെയായി നടന്ന സംഭവങ്ങളെ 2000ത്തോളം വാക്കുകളിലായി പരാമര്‍ശിച്ചതിലാണ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പോലിസ് ഒഴിവാക്കിയത്. കപില്‍ മിശ്രയുടേതുള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിനു വഴിവച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നടങ്കം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ അക്രമത്തെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്.

    സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍, ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഷാഹീന്‍ ബാഗില്‍ തടിച്ചുകൂടിയവര്‍, സിഎഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചു മാത്രമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. വര്‍ഗീയത വളര്‍ത്തുന്ന ട്വീറ്റുകളിലൂടെ കുപ്രസിദ്ധി നേടിയ കപില്‍ മിശ്ര ഫെബ്രുവരി 23ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍ പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി റാലി നടത്തിയിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധം നടക്കുന്ന ജാഫറാബാദിനടുത്ത് ന്നു നടത്തിയ റാലിയില്‍, പ്രദേശത്തെ റോഡുകള്‍ ശുദ്ധീകരിക്കണമെന്നു ഡല്‍ഹി പോലിസിന് അന്ത്യശാസനം നല്‍കുകയും അല്ലാത്തപക്ഷം തെരുവിലിറങ്ങേണ്ടിവരുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.

    കപില്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിനും മറ്റ് നേതാക്കള്‍ക്കുമെതിരേ പോലിസ് നടപടിയെടുക്കാത്തതിനെ വിമര്‍ശിക്കുകയും കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സംഘപരിവാര നേതാക്കളായ ഇവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരേ ജസ്റ്റിസ് എസ് മുരളീധര്‍ പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍, ഇതിനു മണിക്കൂറുകള്‍ക്കു ശേഷം ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു.

    കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് ഇതുവരെ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടുകളും അറസ്റ്റുകളും പരിശോധിച്ചാല്‍, ഗൂഢാലോചനക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരോ മുസ് ലിം വിദ്യാര്‍ഥി നേതാക്കളോ മാത്രമാണ്. കലാപക്കേസുകളില്‍ ഇതുവരെ 783 എഫ് ഐആറുകളും 70 കുറ്റപത്രങ്ങളുമാണ് പോലിസ് ഫയല്‍ ചെയ്തത്. കലാപകാലത്ത് സംഘപരിവാര അക്രമികള്‍ക്കൊപ്പം നിന്ന ഡല്‍ഹി പോലിസ് മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു.




Tags:    

Similar News