അറസ്റ്റിലായ ശേഷം നടന്ന കലാപത്തില്‍ ഗൂഢാലോചനക്കേസ് ചുമത്തുന്നത് അംഗീകരിക്കാനാവില്ല; ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍

Update: 2022-02-11 05:09 GMT

ന്യൂഡല്‍ഹി; ഒരാള്‍ അറസ്റ്റിലായി മാസങ്ങള്‍ക്കു ശേഷം നടക്കുന്ന കലാപത്തിലും പ്രതിചേര്‍ക്കപ്പെടുന്നത് നമ്മുടെ നീതി ന്യായസംവിധാനത്തിന് താങ്ങാനാവില്ലെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍. ഡല്‍ഹി കലാപം നടക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഷര്‍ജീല്‍ മറ്റൊരു കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനാക്കേസില്‍ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിനിടയിലാണ് അഭിഭാഷകനായ തന്‍വീര്‍ അഹ്മദ് മിര്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഷര്‍ജീലിനെതിരേ കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല.

2019 ജനുവരിയിലാണ് ഇമാം അറസ്റ്റിലായത്. എന്നാല്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട ഡല്‍ഹി കലാപക്കേസ് നടന്നത് ഒരു വര്‍ഷത്തിനു ശേഷം ഫെബ്രുവരി 2020നാണെന്നും അദ്ദേഹം വാദിച്ചു. 

ഗൂഢാലോചനകള്‍ അനന്തമായി നീണ്ടുപോകുന്ന ഈ സംവിധാനം നമുക്ക് താങ്ങാനാവില്ല- അദ്ദേഹം പറഞ്ഞു.

ഇമാമിനെ 2019ല്‍ അറസ്റ്റ് ചെയ്തത് ഗൂഢാലോചനക്കേസിലല്ലെന്നും രാജ്യദ്രോഹപ്രസംഗത്തിന്റെ പേരിലാണെന്നും പ്രോസിക്യൂഷന്‍ എതിര്‍വാദമുന്നയിച്ചു. അറസ്റ്റ് പ്രതിക്കെതിരേ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷര്‍ജീല്‍ ഇമാം 2019 ഡിസംബര്‍ 13ന് ജാമിഅ മില്ലിയ ഇസ്‌ലാമിയയിലും 2019 ഡിസംബര്‍ 16ന് അലിഗഢ് മുസ് ലിം സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തിന്റെ ശൈലിയും രീതിയും പ്രകോപനപരമായിരുന്നെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. 2020 ജനുവരി മുതല്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

2020 സപ്തംബറില്‍ ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ഷര്‍ജീല്‍ ഇമാമിനെ പ്രതിചേത്ത് കേസെടുത്തു. 

Tags:    

Similar News