നിരോധനം ലംഘിച്ച് മാര്‍ച്ച്; കര്‍ഷക നേതാക്കളെ തടഞ്ഞുവച്ച് ഡല്‍ഹി പോലിസ്

Update: 2021-09-17 09:53 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കര്‍ഷക സംഘടനാ നേതാക്കളെ തടഞ്ഞുവച്ച് ഡല്‍ഹി പോലിസ്. കര്‍ഷക നിയമം നടപ്പാക്കി ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാല്‍, കൊവിഡ് വ്യാപന പശ്ചാതലത്തില്‍ മാര്‍ച്ചും സമര പരിപാടികളും നടത്തരുതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. മാര്‍ച്ച് വിലക്കിക്കൊണ്ട് ഡല്‍ഹി പോലിസ് ശിരോമണി അകാലിദള്‍ നേതാക്കള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.

എന്നാല്‍, പോലിസിന്റെ വിലക്ക് ലംഘിച്ച് കൊണ്ട് സമരക്കാര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് തടഞ്ഞ പോലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് സന്‍സാദ് മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. പാര്‍ട്ടി പ്രവര്‍ത്തകരെ തടവില്‍ വയ്ക്കുന്ന ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരേ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് രംഗത്തെത്തി. 'കേന്ദ്ര സര്‍ക്കാരും ഹരിയാന സര്‍ക്കാരും ഞങ്ങളുടെ പ്രവര്‍ത്തകരെ തടഞ്ഞു വച്ചിരിക്കുകയാണ്. ലാത്തി ചാര്‍ജ്ജ് നടത്തി. വാഹനങ്ങള്‍ തകര്‍ത്തു. സമാധാനപരമായാണ് മാര്‍ച്ച് നടത്തിയത്'. അദ്ദേഹം പറഞ്ഞു.

നേരത്തെ, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രം നിസ്സംഗത പുലര്‍ത്തുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളെ 'കറുത്ത നിയമങ്ങള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് വിലക്കി കൊണ്ട് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദല്‍, പാര്‍ട്ടി വക്താവ് ദല്‍ജിത്ത് സിങ് ചീമ എന്നിവര്‍ക്ക് ഡല്‍ഹി പോലിസ് നോട്ടിസ് നല്‍കി. രാഖബ്ഗഞ്ച് ഗുരുദ്വാരയില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് നിരോധിച്ചതായി അറിയിച്ചുള്ള നോട്ടിസാണ് ഡല്‍ഹി പോലിസ് കൈമാറിയത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക, രാഷ്ട്രീയ, കായിക, മത, ഉത്സവ സംബന്ധമായ ഒത്തുചേരലുകളും സംഗമങ്ങളും സപ്തംബര്‍ 30 വരെ രാജ്യ തലസ്ഥാനത്ത് നിരോധിച്ചതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ഡിസിപി) ദീപക് യാദവ് പുറപ്പെടുവിച്ച നോട്ടിസില്‍ അറിയിച്ചത്. ഇത് ലംഘിച്ച് കൊണ്ട് സമരക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്.

Tags:    

Similar News