രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷം, സംസ്ഥാനങ്ങളില്‍ പവര്‍കട്ട്; ഡല്‍ഹിയില്‍ മെട്രോയിലും ആശുപത്രികളിലും വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്
ദാദ്രി-II, ഉഞ്ചഹാര്‍ പവര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍, ഡല്‍ഹി മെട്രോ, ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പല അവശ്യസ്ഥാപനങ്ങളിലേക്കും 24 മണിക്കൂര്‍ വൈദ്യുതി വിതരണത്തില്‍ പ്രശ്‌നമുണ്ടായേക്കാമെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ട് മുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പവര്‍ കട്ട് മെട്രോ ട്രെയിനുകളെയും ആശുപത്രികളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യതലസ്ഥാനത്തെ മെട്രോ ട്രെയിനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കു വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി വൈദ്യുതി മന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുകയും ദേശീയ തലസ്ഥാനത്തു വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ മതിയായ കല്‍ക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു. ദാദ്രി-II, ഉഞ്ചഹാര്‍ പവര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍, ഡല്‍ഹി മെട്രോ, ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പല അവശ്യസ്ഥാപനങ്ങളിലേക്കും 24 മണിക്കൂര്‍ വൈദ്യുതി വിതരണത്തില്‍ പ്രശ്‌നമുണ്ടായേക്കാമെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. രണ്ട് മുതല്‍ എട്ടുമണിക്കൂര്‍ വരെയാണു പവര്‍കട്ട്. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം താറുമാറായി. ഉത്തരേന്ത്യയില്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം ഊര്‍ജപ്രതിസന്ധിയുള്ളത്.
കല്‍ക്കരിക്ഷാമം രാജ്യത്തെ താപനിലയങ്ങളുടെ പ്രവര്‍ത്തനത്തെ തകിടം മറിച്ചെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തില്‍ 70 ശതമാനവും താപവൈദ്യുതിയില്‍ നിന്നാണ്. രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളാണുള്ളത്. കേരളത്തില്‍ വൈകുന്നേരം 6.30നും 11.30നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. വൈകീട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യമുള്ളത്. ഇതില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകും.
അതേസമയം, ആവശ്യത്തിന് കല്‍ക്കരി രാജ്യത്തുണ്ടെന്നാണു സര്‍ക്കാര്‍ ഭാഷ്യം. അടുത്ത 30 ദിവസത്തേക്കുള്ള കല്‍ക്കരിശേഖരം രാജ്യത്തുണ്ടെന്ന് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലദൗര്‍ലഭ്യം കര്‍ഷകരെ വലയ്ക്കുകയാണ്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗോതന്പ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് ഈ തിരിച്ചടി. രാജ്യത്ത് 62.3 കോടി യൂനിറ്റ് വൈദ്യുതിയുടെ കുറവാണുള്ളത്.
എല്ലാ താപനിലയവും കല്‍ക്കരിക്ഷാമം നേരിടുന്നുവെന്ന് ആള്‍ ഇന്ത്യാ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ (എഐപിഇഎഫ്) വെളിപ്പെടുത്തി. 147 നിലയത്തില്‍ അവശേഷിക്കുന്നത് 1.41 കോടി ടണ്‍ കല്‍ക്കരി മാത്രമാണ്. ഊര്‍ജസൂരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ 5.7 കോടി ടണ്‍ കല്‍ക്കരി ശേഖരം വേണമെന്നാണ് മാനദണ്ഡം. ഖനികളില്‍നിന്ന് കല്‍ക്കരി നിലയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.