തിരുവനന്തപുരത്തുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെട്രോ റെയില്‍ വരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രാനുമതി ലഭിച്ചേക്കും
തിരുവനന്തപുരം: മോണോ റെയില്‍, ലൈറ്റ് മെട്രോ എന്നിങ്ങനെ തലസ്ഥാന നഗരത്തിന് യോജിച്ച പദ്ധതിയേതെന്ന പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിലെ മെട്രോ റെയില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌കെഎംആര്‍എല്‍. കൊച്ചി മെട്രോയ്ക്ക് സമാനമായി മീഡിയം മെട്രോ തന്നെയാവും തിരുവനന്തപുരത്തിനും യോജിക്കുകയെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഡിപിആര്‍ ഈമാസം തന്നെ സമര്‍പ്പിച്ചേക്കും.
ലൈറ്റ് മെട്രോയല്ല മീഡിയം മെട്രോ തന്നെയാണ് അതിവേഗം വളരുന്ന തിരുവനന്തപുരം നഗരത്തിന് യാജിക്കുകയെന്ന് കോംപ്രഹെന്‍സീവ ്‌മൊബിലിറ്റി പ്ലാന്‍(സിഎംപി) വിലയിരുത്തുന്നു. രണ്ട് ഇടനാഴികളിലായി മെട്രോ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്ന് പള്ളിച്ചല്‍ വഴി നേമത്തേക്കാണ് ഒരു റീച്ച്. 27.4 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. കഴക്കൂട്ടത്തു നിന്ന് ഈഞ്ചക്കല്‍ വഴി കരമന കിള്ളിപ്പാലത്തേക്കാണ് രണ്ടാമത്തെ റീച്ച്. 14.7 കിലോമീറ്ററാണ് ഇതില്‍ ഉള്‍പ്പെടുക. ലുലുമാളിനും വിമാനത്താവളത്തിനും മുന്നിലൂടെയായിരിക്കും രണ്ടാമത്തെ റീച്ച്. ഡിപിആര്‍ കണ്‍സല്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പ്രവര്‍ത്തിക്കുന്നത്. ഡിപിആറിനുള്ള അവസാന അലൈന്‍മെന്റിന്റെ ഡ്രാഫ്റ്റ് ഡിഎംആര്‍സി സമര്‍പ്പിച്ചു കഴിഞ്ഞതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിര്‍ദിഷ്ട മെട്രോയുടെ ഈഞ്ചക്കല്‍ മുതല്‍ കിള്ളിപ്പാലം റീച്ചില്‍ ഭൂഗര്‍ഭ മെട്രോപാതയും ഉള്‍പ്പെടുന്നു. പള്ളിപ്പുറത്ത് അറ്റകുറ്റപ്പണിക്ക് വേണ്ടി യാര്‍ഡ് നിശ്ചയിച്ച പദ്ധതിയില്‍ 37 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്.
മെട്രോ സ്‌റ്റേഷനുകള്‍ക്കും വളവുകളുള്ള പ്രദേശങ്ങള്‍ക്കുമായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് ഡിഎംആര്‍സി വിലയിരുത്തലുകള്‍ പുരോഗമിക്കുകയാണ്. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇതിനാവശ്യമായ പഠനം നടത്തുന്നത്. മീഡിയം മെട്രോയ്ക്ക് യോജിക്കുന്ന തരത്തില്‍ കൊടുംവളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. പദ്ധതിയുടെ അന്തിമ ഡിപിആര്‍ ഈമാസം തന്നെ സംസ്ഥാന സര്‍ക്കാരിന്‌സമര്‍പ്പിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച ഡിപിആര്‍ ലഭിച്ചാല്‍ ഉടന്‍തന്നെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് തന്നെ കേന്ദ്രാനുമതി നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. കെ റെയില്‍ പദ്ധതി ഏറെക്കുറേ അവസാനിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിപിആര്‍ കുറ്റമറ്റ രീതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.