ഹാഥ്‌റസ് കൂട്ടബലാല്‍സംഗ കൊല: പ്രതികള്‍ക്കു വേണ്ടി സവര്‍ണരുടെ കൂട്ടായ്മ; പിന്നില്‍ ബിജെപി നേതാവ്

നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയില്‍ ഇരയുടെ കുടുംബം താമസിക്കുന്ന വീടിനു വെറും ആറ് കിലോമീറ്റര്‍ അകലെ സവര്‍ണര്‍ യോഗം ചേര്‍ന്നു. ഠാക്കൂര്‍, ബ്രാഹ്മണ്‍ സമുദായത്തില്‍ പെട്ടവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Update: 2020-10-04 13:07 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രതികളെ സംരക്ഷിക്കാന്‍ സവര്‍ണരുടെ കൂട്ടായ്മ. നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയില്‍ ഇരയുടെ കുടുംബം താമസിക്കുന്ന വീടിനു വെറും ആറ് കിലോമീറ്റര്‍ അകലെ സവര്‍ണര്‍ യോഗം ചേര്‍ന്നു. ഠാക്കൂര്‍, ബ്രാഹ്മണ്‍ സമുദായത്തില്‍ പെട്ടവരാണ് യോഗത്തില്‍ പങ്കെടുത്തത്. സായുധരായ പോലിസ് സേനയുടെ സംരക്ഷണത്തിലായിരുന്നു യോഗം. യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ബലാല്‍സംഗം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ വ്യക്തമായതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സവര്‍ണരുടെ കൂട്ടായ്മയ്ക്കു പിന്നില്‍ ബിജെപി നേതാവാണെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ പ്രതികളിലൊരാളുടെ കുടുംബം ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് ബിജെപി നേതാവ് രാജ്‌വീര്‍ സിങ് പെഹെല്‍വാന്റെ വീട്ടില്‍ യോഗം ചേര്‍ന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കസേരകളെല്ലാം നിരത്തി പൊതുയോഗത്തിന്റെ മാതൃകയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് യോഗം ചേര്‍ന്നത്. അറസ്റ്റിലായ നാലുപേരെ വ്യാജമായാണ് കേസില്‍ പെടുത്തിയതെന്നും ഇവര്‍ക്ക് നീതി വേണമെന്നുമാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം.

    യോഗത്തെ കുറിച്ച് അറിയില്ലെന്ന് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ എന്‍ഡിടിവിയോട് പറഞ്ഞു. ഇരയുടെ കുടുംബത്തിനു മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നു രാഷ്ട്രീയ നേതാക്കള്‍ക്ക് അഞ്ചുപേരടങ്ങുന്ന സംഘമായി കുടുംബത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തെ കുറിച്ച് ഞങ്ങള്‍ പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും യുവതി(ഇര)യുടെ കുടുംബത്തിനെതിരേ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും സവര്‍ണ കൂട്ടായ്മയുടെ സംഘാടകരിലൊരാളായ മന്‍വീര്‍ സിങ് പറഞ്ഞു.

   


യുവതി താമസിച്ചിരുന്ന ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച സവര്‍ണ ജാതിയില്‍ പെട്ടവര്‍ ഒത്തുകൂടിയിരുന്നു. ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടെ ഒത്തുചേരുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി, ഇന്നത്തെ സവര്‍ണരുടെ യോഗത്തിന് ഒരു സ്വകാര്യ വസതിയിലായതിനാല്‍ അനുമതി ആവശ്യമില്ലെന്നാണ് പോലിസ് പറയുന്നത്.

    നേരത്തേ ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ എട്ടുപേരോളം ചേര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്കു വേണ്ടിയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായിരുന്ന ഗംഗയും ലാല്‍ സിങ്ങും പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. കഠ് വ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തിയായിരുന്നു ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നത്. പ്രതിഷേധം കനത്തതോടെ ഇരുവരും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെങ്കിലും പാര്‍ട്ടി പറഞ്ഞിട്ടാണ് തങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തതെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. സമാനരീതിയില്‍ തന്നെയാണ് ദലിത് യുവതിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസ് സംഭവത്തിലും പ്രതികളായ സവര്‍ണ യുവാക്കള്‍ക്കു വേണ്ടി ബിജെപി നേതാവ് രംഗത്തെത്തിയിട്ടുള്ളത്.



Tags:    

Similar News