യുപിയിലെ പൊളിച്ചുനീക്കലിന് സ്റ്റേയില്ല; പ്രതികാരബുദ്ധിയോടെ പൊളിക്കരുതെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി

Update: 2022-06-16 09:35 GMT

ന്യൂഡല്‍ഹി: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. സംഭവത്തില്‍ യുപി സര്‍ക്കാരിന് നോട്ടീസ് നല്‍കിയ സുപ്രിംകോടതി, പൊളിക്കല്‍ പ്രതികാരബുദ്ധിയോടെയാവരുതെന്നും നിയമപ്രകാരമായിരിക്കണമെന്നും നിര്‍ദേശം നല്‍കി. നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

യുപി സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഹരജിയില്‍ മറുപടി നല്‍കാന്‍ മൂന്ന് ദിവസം കോടതി സമയം അനുവദിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നിയമാനുസൃതമായാണ് പൊളിക്കല്‍ നടപടിയെന്നാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്.

തങ്ങള്‍ക്ക് നിയമമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ, അതുകൊണ്ട് പൊളിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നീതിയുക്തമായിരിക്കണം. എല്ലാം ന്യായമായി കാണണം. പ്രയാഗ്‌രാജിലും കാണ്‍പൂരിലും പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചത് സംബന്ധിച്ച് സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടി. അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത നടപടികളാണ് യുപിയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ സി യു സിങ്, ഹുസേഫ അഹമദി എന്നിവര്‍ ചൂണ്ടിക്കാട്ടി. വീടുകള്‍ അനധികൃതമായി പൊളിച്ചുനീക്കീയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം.

നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊളിക്കലുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെടണം. യുപിയിലെ നിയമമനുസരിച്ച്, പൊളിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 മുതല്‍ 40 ദിവസം വരെ നോട്ടീസ് നല്‍കണമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പൊളിച്ചുനീക്കിയ വീടുകളുടെ ഉടമകള്‍ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജംഇയ്യത്തുല്‍ ഉലമ കോടതിയെ സമീപിച്ചത്. അനധികൃത നിര്‍മാണങ്ങളാണ് നീക്കംചെയ്യുന്നത്. അത് ഏത് മതസ്ഥരുടേതാണെങ്കിലും നീക്കം ചെയ്യുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഹരജി ഇനി പരിഗണിക്കുന്ന ചൊവ്വാഴ്ച്ച വരെ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടാവരുതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ബിജെപിയുടെ മുന്‍ വക്താക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകളാണ് അനധികൃത കൈയേറ്റമാരോപിച്ച് പ്രയാഗ് രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ പൊളിച്ചുനീക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ഉള്‍പ്പെടെ ജെസിബി ഉപയോഗിച്ച് തകര്‍ത്തിരുന്നു.

Tags:    

Similar News