നിഖില്‍ പൈലി തന്നെയാണ് ധീരജിനെ കുത്തിയതെന്ന് പോലിസ്; കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

സംഭവത്തിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നിഖില്‍ പൈലിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലിസ് പിടികൂടുകയായിരുന്നു.

Update: 2022-01-10 16:20 GMT

തൊടുപുഴ: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പോലിസ്. താനാണ് കുത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് പോലിസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവര്‍ കെഎസ്‌യു ഭാരവാഹികളാണെന്നും ഇവര്‍ക്ക് ധീരജ് വധക്കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നുമാണ് പോലിസ് നല്‍കുന്ന സൂചന. ഇടുക്കിയിലെ മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തെന്നും റിപോര്‍ട്ടുകളുണ്ട്.

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ ഇന്ന് വൈകീട്ടോടെയാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. തൃശൂര്‍ സ്വദേശി ടി അഭിജിത്ത്, അമല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ധീരജിന്റെ കഴുത്തിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമായത്. കുത്തേറ്റ ധീരജിനെ ഉടനെ തന്നെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാര്‍ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.

സംഭവത്തിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നിഖില്‍ പൈലിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലിസ് പിടികൂടുകയായിരുന്നു. ബസ്സില്‍ പോവുന്നതിനിടെ ഇടുക്കി കരിമണലില്‍ നിന്ന് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Tags:    

Similar News